കുടുംബ പ്രശ്‌നം ചർച്ച ചെയ്യാനെത്തി; മർദ്ദനമേറ്റ് വീണ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ദാരുണമരണം; ഹർത്താൽ ആചരിച്ച് സിപിഎം

കരുനാഗപ്പള്ളി: കുടുംബപ്രശ്‌നത്തിൽ ഇടപെട്ട് ചർച്ചചെയ്യുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് കുഴഞ്ഞുവീണ തൊടിയൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു. തൊടിയൂർ ഇടക്കുളങ്ങര മണ്ണേൽ വീട്ടിൽ സലിം മണ്ണേൽ (60) ആണ് മരണപ്പെട്ടത്. സലിം മണ്ണേൽ സിപിഎം ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷകസംഘം വില്ലേജ് കമ്മിറ്റി അംഗവുമായിരുന്നു.

പാലോലിക്കുളങ്ങര ജമാഅത്ത് പ്രസിഡന്റ് കൂടിയായ സലിം മണ്ണേലും പങ്കെടുക്കുന്ന ചർച്ച വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ ജമാഅത്ത് ഓഫീസിൽ പുരോഗമിക്കവെയാണ് സംഘർഷമുണ്ടായത്. തുടർന്ന് മർദനമേറ്റ സലിം കുഴഞ്ഞുവീണു. ഉടൻ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിനും സംഘർഷത്തിൽ കേടുപാടുകൾ പറ്റി. കൊല്ലം ചവറ, കൊട്ടുകാടുനിന്ന് എത്തിയ സംഘത്തിന്റെ പേരിൽ ജമാഅത്ത് ഭാരവാഹികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണം ആരംഭിച്ച കരുനാഗപ്പള്ളി പോലീസ് പ്രതികൾക്കായി തിരച്ചിലിലാണ്.

ALSO READ- ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു: ഉടമയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഭാര്യ: ഷീജ സലിം. മക്കൾ: സജിൽ (കോൺട്രാക്ടർ), വിജിൽ (ഗൾഫ്). മരുമക്കൾ: ശബ്‌ന, തസ്‌നി. സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ തൊടിയൂർ പഞ്ചായത്തിൽ ഹർത്താലാചരിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.

Exit mobile version