കല്‍പ്പറ്റ: ഹര്‍ ഘര്‍ തിരംഗാ പ്രചാരണത്തിനായി തയ്യാറാക്കിയ ദേശീയ പതാകകള്‍ വിറ്റഴിക്കാനാകാതെ വലഞ്ഞ് വയനാട്ടിലെ വനിതാ സംരംഭകയായ ഷംല. ഹര്‍ ഘര്‍ തിരംഗാ പ്രചാരണത്തിനായി ഓര്‍ഡര്‍ കിട്ടിയ ആറര ലക്ഷത്തോളം ദേശീയ പതാകകളാണ് വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുന്നത്.
കുടുംബശ്രീയിലൂടെ വളര്‍ന്നു വന്ന സംരംഭകയാണ് കണിയാമ്പറ്റ സ്വദേശി ഷംല ഇസ്മായില്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ‘ഹര്‍ ഘര്‍ തിരംഗാ’ പ്രചാരണമെത്തി. അതിനായി കൂടുതല്‍ പതാക തയ്യാറാക്കാന്‍ ഷംലയ്ക്ക് ഓര്‍ഡര്‍ കിട്ടി. ഏഴ് ജില്ലകളില്‍ നിന്നുള്ള ഓര്‍ഡറാണ് കിട്ടിയത്.
കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചതോടെ, മഹാരാഷ്ട്രയില്‍ നിന്നും ദേശീയ പതാക എത്തിക്കാന്‍ സംവിധാനമുണ്ടാക്കി. പക്ഷേ മഹാരാഷ്ട്രയില്‍ പെരുമഴ പെയ്തതോടെ ട്രെയിനുകള്‍ പലതും പിടിച്ചിടുന്ന അവസ്ഥയുണ്ടായി. നാല് ദിവസം വൈകിയാണ് പതാകകള്‍ കിട്ടിയത്. ഇതോടെ ഒരൊറ്റ ദിവസം കൊണ്ട് ഒരു കോടി 24 ലക്ഷം രൂപ നഷ്ടം വന്നുവെന്നും ഷംല പറഞ്ഞു.
ALSO READ വടകരയില്‍ കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി: ആറ് മാസത്തിലേറെ പഴക്കം
ഇപ്പോള്‍ കെട്ടിക്കിടക്കുന്ന പതാകയില്‍ ചിലതിന് കേടുവരുന്നുണ്ട്. ഇവ സൂക്ഷിക്കുക എന്നത് വെല്ലുവിളിയാണ്. പതാക നിര്‍മാണം വഴിയുണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കാനുമാകുന്നില്ല ഷംലയ്ക്ക്. അതിനാല്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം എന്നാണ് ഈ സംരംഭകയുടെ അഭ്യര്‍ത്ഥന.