പാതിരാത്രിയില്‍ കാടിന് നടുവില്‍ കാര്‍ കേടായി, 12 അംഗ കുടുംബത്തിന് രക്ഷകരായി പോലീസ്! നന്ദി അറിയിച്ച് തലശ്ശേരിയിലെ കുടുംബം

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള 12 അംഗ കുടുംബത്തിനാണ് പോലീസ് സഹായമെത്തിയത്.

തലശ്ശേരി: ബത്തേരി-ഊട്ടി അന്തര്‍സംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്തെ കാനനപാതയില്‍ അര്‍ദ്ധരാത്രി കുടുങ്ങിയ 12 അംഗ കുടുംബത്തിന് രക്ഷകരായെത്തി കേരള പോലീസ്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള 12 അംഗ കുടുംബത്തിനാണ് പോലീസ് സഹായമെത്തിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30-നാണ് സംഭവം. തലശ്ശേരിയില്‍ ബിസിനസുകാരനായ ചൊക്ലി പാറാലിലെ മുഹമ്മദ് നംഷിലും കുടുംബവും ഊട്ടിയില്‍ പോയി മടങ്ങുകയായിരുന്നു. ബത്തേരി-ഊട്ടി അന്തസ്സംസ്ഥാനപാതയിലെ വനമേഖലയിലൂടെ വരുമ്പോള്‍ മുണ്ടക്കൊല്ലി ഭാഗത്തുവെച്ച് ഇവരുടെ കാര്‍ കേടായി.

ഇതുവഴി കടന്നുപോയ പലരോടും കൈനീട്ടി സഹായം അഭ്യര്‍ഥിച്ചെങ്കിലും വന്യമൃഗങ്ങളെ ഭയന്ന് ആരും നിര്‍ത്തിയില്ല. റോഡിലാകെ ഇരുട്ടായിരുന്നു.

നംഷിലിന്റെ കൂടെ മാതാവ് നസീമയും ഭാര്യ അസ്മിനയും മൂന്നുകുട്ടികളും സഹോദരി നിശയും മൂന്നുകുട്ടികളും ബന്ധുക്കളായ രണ്ടു പേരുമാണ് ഉണ്ടായിരുന്നത്. കാര്‍ നിന്നതോടെ സ്ത്രീകള്‍ ഭയന്നു. കുട്ടികള്‍ ഉറക്കത്തിലായിരുന്നു.

അപ്പോഴാണ് പോലീസ് വാഹനത്തിന്റെ ബീക്കണ്‍ ലൈറ്റ് കണ്ടത്. പട്രോളിങ്ങിന്റെ ഭാഗമായി അതുവഴി കടന്നുപോകുന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പോലീസാണ് യാദൃച്ഛികമായി എത്തിയത്. പോലീസ് വാഹനത്തില്‍ സുരക്ഷിതസ്ഥാനത്ത് എത്തിക്കാന്‍ തയ്യാറായെങ്കിലും വാഹനം അവിടെ നിര്‍ത്തിയിടാന്‍ നംഷില്‍ മടിച്ചു.

ALSO READ ട്യൂഷന് പോകും വഴി വിദ്യാര്‍ത്ഥിനിയെ തലയ്ക്ക് അടിച്ച് വീഴ്ത്തി ആഭരണം കവര്‍ന്നു, സംഭവം കൊല്ലത്ത്

തുടര്‍ന്ന് കേടായ വാഹനം നന്നാക്കാന്‍ ശ്രമം നടത്തി. ഒന്നരമണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ നേരത്തേ ഹൈവെ പോലീസിന്റെ ഡ്രൈവറായിരുന്ന സുരേഷ്‌കുമാര്‍ വാഹനം സ്റ്റാര്‍ട്ടാക്കി. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നിന് കുടുംബത്തെ പോലീസ് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് കടത്തിവിട്ടു.

സുരേഷിനുപുറമേ ബത്തേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. വിജയന്‍, സിവില്‍ പോലീസ് ഓഫീസറായ നിജോ എന്നിവരാണ് രക്ഷകരായത്.

Exit mobile version