തിരുവനന്തപുരം: ‘ജോലി പോയതില്‍ വിഷമമില്ല. ഈ ജോലിനഷ്ടം സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമായി. അത് ജീവിതത്തില്‍ ഇതുവരെ പിന്തുടര്‍ന്ന രാഷ്ട്രീയത്തിനുള്ള നേട്ടമായി കാണുന്നു.’
ദേശീയപണിമുടക്കില്‍ പങ്കെടുത്ത കാരണത്താല്‍ ജോലി നഷ്ടമായ അധ്യാപക സംഘടനാനേതാവ് പി ഹരിഗോവിന്ദിന്റെ വാക്കുകളാണിത്. സ്വന്തം ജോലി നഷ്ടമായിട്ടും ഉയര്‍ത്തിപ്പിടിച്ച ആദര്‍ശവും മൂല്യവും അടിയറവ് പറയാത്ത ഹരിഗോവിന്ദന്റെ നിലപാടിന് സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്.
സൂപ്പര്‍ അന്വേഷന്‍ കാലയളവില്‍ പണിമുടക്കില്‍ പങ്കെടുത്തതാണ് ഇദ്ദേഹത്തിന് ജോലി നഷ്ടമാകാന്‍ കാരണം. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ (കെപിഎസ്ടി) സംസ്ഥാനപ്രസിഡന്റായ പി ഹരിഗോവിന്ദന്റെ സര്‍വ്വീസ് കാലാവധി 2018 ഓഗസ്റ്റില്‍ അവസാനിക്കേണ്ടതായിരുന്നു. അദ്ധ്യയനവര്‍ഷം ആരംഭിച്ച് രണ്ട് മാസം കഴിഞ്ഞാണ് 56 വയസ് പൂര്‍ത്തിയാകുന്നതെങ്കില്‍ മാര്‍ച്ച് 31 ന് വിരമിച്ചാല്‍ മതി എന്നാണ് സൂപ്പര്‍ അന്വേഷന്‍ പ്രകാരം വ്യവസ്ഥ. പക്ഷേ, ഇക്കാലയളവില്‍ സമരങ്ങളിലോ പ്രതിഷേധങ്ങളിലോ പങ്കെടുക്കാന്‍ പാടില്ല.
പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സെറ്റോയിലെ ഭാരവാഹികള്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഹരിഗോവിന്ദനോട് ഉപദേശിച്ചിരുന്നു. നീട്ടിക്കിട്ടിയ ജോലിയേക്കാള്‍ വലുത് ഉയര്‍ത്തിപ്പിടിച്ച മൂല്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹരിഗോവിന്ദ് പണിമുടക്കില്‍ പങ്കെടുത്തു. അതുകൊണ്ട് തന്നെ ജോലിനഷ്ടമായപ്പോള്‍ അദ്ദേഹത്തിന് തെല്ലും പരിഭവം ഉണ്ടായില്ല. 1981 ല്‍ ഫറൂഖ് എല്‍പി സ്‌കൂളില്‍ അധ്യാപകനായി തുടങ്ങിയ ഹരിഗോവിന്ദന്റെ ജീവിതമാണ് ഈ പണിമുടക്കില്‍ കേരളം ചര്‍ച്ചചെയ്തത്. 1984 ല്‍ മണ്ണാര്‍ക്കാട് അരപ്പാറ ജെസിഎംഎഎല്‍സി സ്‌കൂളിലേക്ക് മാറിയ ഹരിഗോവിന്ദന്‍ 2014 ല്‍ ഇവിടെ പ്രധാന അധ്യാപകനായി. അരപ്പാറ എല്‍പി സ്‌കൂള്‍ അധ്യാപിക ജ്യോതിലക്ഷ്മിയാണ് ഭാര്യ.