തൃശൂർ: മജിഷ്യൻ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരായ ആരോപണത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സ്ഥആപനത്തിലെ മുൻ ജീവനക്കാരന്റെയും രക്ഷിതാക്കളുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തൃശൂർ സ്വദേശിയും പൊതു പ്രവർത്തകനുമായ കരുവന്നൂർ കരിപ്പാകുളം വീട്ടിൽ കെ.കെ. ഷിഹാബ് നൽകിയ പൊതു താല്പര്യ ഹർജിയിലാണ് കേസെടുത്ത് അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടത്.
2017 മുതൽ മുതുകാടിന്റെ സ്ഥാപനത്തിൽ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സിപി ശിഹാബാണ് വാർത്തസമ്മേളനത്തിൽ ആരോപണങ്ങളുന്നയിച്ചത്. പിന്നാലെ നിരവധി രക്ഷിതാക്കളും ആരോപണവുമായി രംഗത്തെത്തി. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ പീഡിപ്പിക്കുന്നതായി സമൂഹ മാധ്യമങ്ങളിലും വൻ തോതിൽ ഗോപിനാഥ് മുതുകാടിനും സ്ഥാപനത്തിനുമെതിരെ ആരോപണങ്ങൾ ഉയർന്നു.
ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനിൽ പൊതുതാല്പര്യ ഹർജിയെത്തിയത്. അക്കാദമിയിൽ അതിഥികൾക്കുമുന്നിൽ ഷോ ചെയ്യുമ്പോൾ സ്റ്റേജിന്റെ മധ്യത്തിലേക്ക് വീൽചെയറിൽ വരാൻ അനുവദിക്കാറില്ല. വേദിയിലൂടെ നിരങ്ങി വന്ന് വീൽചെയറിൽ കയറണം. എന്നാലേ സഹതാപം കിട്ടൂവെന്നും ഓട്ടിസം മുതൽ മാനസിക വെല്ലുവിളി നേരിടുന്നവരടക്കമുള്ള അഞ്ച് കുട്ടികൾക്ക് യഥാസമയം ഭക്ഷണം നൽകാതെ പീഡിപ്പിക്കുന്നതും ചോദ്യംചെയ്തത് വിരോധമായെന്ന് ശിഹാബ് മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.
സർക്കാരിൽ നിന്ന് സാമ്പത്തീക സഹായവും വൻ തോതിൽ പണപ്പിരിവും നടത്തിയുള്ള സ്ഥാപനത്തിനെതിരെ പ്രത്യേകിച്ച് സമൂഹം ഏറെ ആദരവോടെ കാണുന്ന ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് നേരെ ആയതിനാലാണ് അന്വേഷണം ആവശ്യപ്പെട്ടതെന്നും ജനകീയ വിശ്വാസത്തെ ചൂഷണം ചെയ്യുന്നുവെന്ന ആക്ഷേപത്തെ തെളിയിക്കപ്പെടേണ്ടത് അദേഹത്തിന്റെ കൂടി ആവശ്യമാണെന്നും കെകെ ശിഹാബ് പറഞ്ഞു.