ചെന്നൈ: ശബരിമലയില്‍ കേരള സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ മികച്ചതാണ് തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബു. ശബരിമലയില്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നുമുണ്ടാകാതിരിക്കാന്‍ കേരള സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മികച്ച ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ഭക്തരുടെ എണ്ണം കൂടുമ്പോള്‍ കൂടുതല്‍ സമയം നില്‍ക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കുമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 45 വര്‍ഷമായി ശബരിമലയില്‍ പോകുന്നയാള്‍ ആണ് താനെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തമിഴ്‌നാട്ടില്‍ നിന്നും ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന് വീണ്ടും തമിഴ്‌നാട് കത്തയച്ചു. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ശബരിമലയില്‍ ഒരുക്കണമെന്നും വീഴ്ചയുണ്ടാകരുതെന്നും വ്യക്തമാക്കിയാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചത്.
ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മാസവും തമിഴ്‌നാട് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞമാസം തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ , കേരള ചീഫ് സെക്രട്ടറിയുമായി സംസാരിച്ചത്.
ALSO READ ഭര്‍ത്താവുമായി വഴക്കിട്ട് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു
ശബരിമലയില്‍ തീര്‍ത്ഥാടകര്‍, പ്രാഥമിക സൗകര്യവും സുരക്ഷയും ഇല്ലാതെ ദുരിതം അനുഭവിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നും തമിഴ്‌നാട് സര്‍ക്കാര്‍ വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.