തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മോഹന്‍ലാലിന് നേരിട്ട് ക്ഷണം. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് മോഹന്‍ലാലിനെ നേരിട്ടെത്തി ക്ഷണിച്ചത്. ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ് സുദര്‍ശന്‍, ദക്ഷിണ ക്ഷേത്ര സഹസമ്പര്‍ക്ക പ്രമുഖ് ജയകുമാര്‍, ബിജെപി ഇന്‍ഡസ്ട്രിയല്‍ സെല്‍ കണ്‍വീനര്‍ അനൂപ് കുമാര്‍ തുടങ്ങിയവരാണ് മോഹന്‍ലാലിനെ നേരില്‍ കണ്ട് ക്ഷണിച്ചത്. അയോദ്ധ്യയില്‍ പൂജിച്ച അക്ഷതവും ക്ഷണപത്രവും ഇതോടൊപ്പം കൈമാറി.
പ്രമുഖരെയെല്ലാം നേരിട്ട് തന്നെ കണ്ടാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. ശ്രീനിവാസന്‍ അടക്കമുള്ള താരങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ബോളിവുഡില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ക്കും ക്ഷണമുണ്ട്. കഴിഞ്ഞ ദിവസം ആലിയ-രണ്‍ബീര്‍ താര ദമ്പതികളെ ചടങ്ങിലേക്ക് ക്ഷണിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
അതേസമയം, പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കുമെന്ന പ്രഖ്യാപനവുമായി ഹിമാചല്‍ പ്രദേശ് മന്ത്രി വിക്രമാദിത്യ സിങ് രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയ തീരുമാനമെടുക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസിന് മാറി നില്‍ക്കാമായിരുന്നുവെന്നാണ് ഗുജറാത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് അര്‍ജുന്‍ മോദ്‌വാദിയ വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും ലോക്‌സഭാ കക്ഷി നേതാവ് അധിര്‍രഞ്ജന്‍ ചൗധരിക്കുമായിരുന്നു രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു.