മഞ്ചേരി: വാർധക്യമിങ്ങ് എത്തിയെങ്കിലും നാട്ടുകാർക്കായി കഞ്ഞിയും കപ്പയും വിളമ്പി ഉപജീവനം നടത്തുന്ന കൊള്ളിത്തോട് കദിയയ്ക്ക് പ്രധാനമന്ത്രിയുടെ ആദരം. തട്ടുകട നടത്തി ഉപജീവനം നടത്താനായി എടുത്ത വായ്പ കൃത്യമായി അടച്ച് മാതൃക കാണിച്ചതിനാണ് കദിയയ്ക്കും ഭർത്താവ് റഷീദിനും ഡൽഹിയിലേക്ക് ക്ഷണം ലഭിച്ചത്. റിപ്പബ്ലിക് ദിനാഘോഷം കാണാനും പ്രധാനമന്ത്രിയെ കാണാനും ഇരുവരും റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി ഡൽഹിയിലേക്ക് തിരിക്കും.
കേന്ദ്രസർക്കാരിൽ നിന്ന് ക്ഷണം ലഭിച്ചതോടെ ഇരുവരും നാട്ടിലാകെ താരമായിരിക്കുകയാണ്. പ്രധാനമന്ത്രി സ്വനിധിയിൽനിന്ന് തെരുവുകച്ചവടക്കാർക്ക് അനുവദിക്കുന്ന സൂക്ഷ്മ വായ്പയെടുത്ത് മൂന്ന് തവണ കൃത്യമായി തിരിച്ചടച്ച രാജ്യമെമ്പാടുമുള്ള വനിതകൾക്കാണ് ഇത്തവണ ആദരം ലഭിക്കുന്നത്. ഇവരുടെ കൂട്ടത്തിലാണ് കദിയയുമുള്ളത്.
മഞ്ചേരി-കോഴിക്കോട് റോഡിൽ ഉന്തുവണ്ടിയോടൊപ്പം ഷെഡ് കെട്ടി വർഷങ്ങളായി തട്ടുകട നടത്തിവരുകയാണ് മങ്കട പള്ളിപ്രം സ്വദേശികളായ കദിയയും ഭിന്നശേഷിക്കാരനായ ഭർത്താവും .മഞ്ചേരി നഗരസഭാ കുടുംബശ്രീ മുഖേനയാണ് കദിയയെ ശുപാർശചെയ്തത്.
ലോറിസ്റ്റാൻഡിലെ തൊഴിലാളികളും വഴിയാത്രക്കാരുമാണ് ഇവിടെ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്നത്. കുറഞ്ഞവിലയ്ക്ക് ചായ, കഞ്ഞി, നെയ്ച്ചോർ, ബീഫ്, കപ്പ എന്നിവയൊക്കെയാണ് വിളമ്പുന്നത്. പുലർച്ചെ നാലുമണിക്കുവന്ന് ഭക്ഷണമൊരുക്കുന്ന കദിയ ഒറ്റയ്ക്കുതന്നെയാണ് എല്ലാ ജോലികളും ചെയ്യുന്നത്.
2020-ൽ സ്വനിധിയിൽനിന്ന് പതിനായിരം രൂപ വായ്പയെടുത്തിരുന്നു. അടച്ചുതീർന്നപ്പോൾ സ്വനിധിയുടെതന്നെ രണ്ടാംഘട്ടമായ 20,000 രൂപയും കൂടി വാങ്ങി. കോവിഡ് എത്തിയപ്പോൾ തിരിച്ചടവ് പ്രതിസന്ധിയിലായെങ്കിലും വൈകാതെ തന്നെ വീട്ടി. മൂന്നാമത്തെ ഘട്ടത്തിൽ 50,000 രൂപ വായ്പ അനുവദിച്ചു. ഇത് മുടങ്ങാതെ അടച്ചുവരുകയാണ്.
ദെവത്തിന് സ്തുതി, ജീവിതത്തിൽ ഇതിൽക്കൂടുതൽ അംഗീകാരം കിട്ടാനില്ലെന്നാണ് കദിയയ്ക്കും ഭർത്താവിനും പറയാനുള്ളത്. ഇപ്പോൾ തട്ടുകടയിൽ എത്തുന്നവരോടെല്ലാം ഡൽഹി യാത്രയെക്കുറിച്ചുള്ള സന്തോഷം പങ്കുവെക്കുകയാണ് കദിയ. 23-ന് കോഴിക്കോട്ടുനിന്ന് ട്രെയിൻ യാത്രയ്‌ക്കൊരുങ്ങാൻ നിർദേശമുണ്ടെന്നും കുറച്ചുദിവസം കട അടച്ചിടുമെന്നും ഇരുവരും പറയുന്നു.
Discussion about this post