കണ്ണൂർ: കേരളക്കരയിൽ കോളിളക്കം സൃഷ്ടിച്ച തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് ഒളിവിൽ കഴിഞ്ഞത് മരപ്പണിക്കാരനായിട്ടെന്ന് എൻഐഎ. കണ്ണൂർ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എൻഐഎ സവാദിനെ പിടികൂടിയത്. ഇവിടെ ഇയാൾ മറ്റൊരു പേരിൽ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെയാണ് എൻഐഎ പിടികൂടിയത്.
പത്ത് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച സവാദിനെ രഹസ്യവിവരത്തെ തുടർന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ സവാദ് നാടുമായി ഒരു ബന്ധവും പുലർത്തിയിരുന്നില്ല. ഇയാൾ പോപുലർ ഫ്രണ്ട് മുൻ പ്രവർത്തകനും എറണാകുളം ഓടക്കാലി സ്വദേശിയുമാണ്.
പിടിയിലാകുമ്പോൾ ഇയാൾക്കൊപ്പം ഭാര്യയും കുട്ടിയുമുണ്ടായതായി വിവരം. എൻഐഎയുടെ നീക്കം പുലർച്ചെയായിരുന്നു. പിടിവീണെങ്കിലും ആദ്യം ഐഡന്റിറ്റി വെളിപ്പെടുത്താൻ സവാദ് തയാറായില്ല. തുടർന്ന് കൂടുതൽ ചോദ്യം ചെയ്ത് സമ്മർദ്ദത്തിലാക്കിയതോടെ സവാദ് എല്ലാം തുറന്നുപറയുകയായിരുന്നു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന സവാദ് ഏറെ നാളായി കണ്ണൂരിൽ തന്നെയുണ്ടായിരുന്നെന്നാണ് വിവരം. ഇയാൾ രാജ്യം വിട്ടെന്ന കണക്കു കൂട്ടലിൽ പാകിസ്താൻ, ദുബായ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ അന്വേഷണം നടത്തിയിരുന്നു.
2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടിജെ ജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് അക്രമികൾ വെട്ടിമാറ്റിയത്. ഈ കേസിലെ ഒന്നാം പ്രതിയായിരുന്നു സവാദ്.കേസിനാസ്പദമായ സംഭവം നടന്ന് 13 വർഷത്തിനുശേഷമാണ് പ്രതി സവാദ് പിടിയിലായത്.
കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളിൽ മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയും 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും 3 വർഷം വീതം തടവും കോടി കഴിഞ്ഞവർഷം ജൂലൈയിൽ വിധിച്ചിരുന്നു. സവാദിനെ ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയേക്കും.