കൊച്ചി: കേരളത്തെ നടുക്കിയ തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി ഒടുവിൽ പിടിയിലായി. കേസിനാസ്പദമായ സംഭവം നടന്ന് 13 വർഷത്തിനുശേഷമാണ് പ്രതി സവാദ് പിടിയിലായത്.
ഏറെ നാളായി ഇയാൾ ഒളിവിലായിരുന്നു. ഒടുവിൽ കണ്ണൂരിൽ നിന്ന് ഇയാളെ എൻഐഎ സംഘം പിടികൂടുകയായിരുന്നു. സവാദിനെ ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയേക്കും.
2010 ജൂലൈ നാലിനാണ് തൊടുപുഴയിലെ കോളേജ് അധ്യാപകനായ ടിജെ ജോസഫിന്റെ കൈവെട്ടിയത്. 11 പ്രതികളുള്ള കേസിലെ ഒന്നാം പ്രതിയാണ് സവാദ്. ഇയാൾ പോപുലർ ഫ്രണ്ട് മുൻ പ്രവർത്തകനും എറണാകുളം ഓടക്കാലി സ്വദേശിയുമാണ്.
കൈവെട്ടിയ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ കണ്ടെത്തുന്നവർക്ക് എൻഐഎ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് സവാദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത്.
Discussion about this post