കാസർകോട് ഡിസിസി ജനറൽ സെക്രട്ടറി കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞങ്ങാട്: കാസർകോട്ടെ പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായ വിനോദ് കുമാർ പള്ളയിൽ വീട്(45) കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലർച്ചെ വീട്ടിൽവെച്ചായിരുന്നു വിനോദ് കുമാർ കുഴഞ്ഞുവീണത്. ഉടൻ തന്നെ മാവുങ്കാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാവുങ്കാൽ ആശുപത്രിയിൽ.

കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർഥി യൂണിയനിലെ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. നെഹ്‌റു കോളേജിൽ പഠിക്കുന്ന കാലത്ത് യൂണിയൻ കൗസിലർ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു.

കെഎസയു ജില്ല പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ്, പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡൻറ്, പുല്ലൂർ – പെരിയ പഞ്ചായത്ത് സ്റ്റാൻഡിങ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

നിലവിൽ ഡിസിസി ജനറൽ സെക്രട്ടറിയും ജില്ല ആശുപത്രി വികസന സമിതി അംഗവും മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ (ഐഎൻടിയുസി) ജില്ല പ്രസിഡന്റുമാണ്.

പുല്ലൂർ വടക്കന്മാരൻ വീട് ഇപി കുഞ്ഞികണ്ണൻ നമ്പ്യാരുടെയും ജാനകികുട്ടി അമ്മയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: പിവി മനോജ് (കർണ്ണാടക ബാങ്ക് മാനേജർ മംഗലാപുരം), പിവി ലീന (ദുബായ്).

Exit mobile version