നിലമ്പൂർ: പലരിൽ നിന്നായി ആൾമാറാട്ടം നടത്തി കോടികൾ തട്ടിയെടുത്ത യുവതി പിടിയിൽ. റിസർവ് ബാങ്കിലെ ഉദ്യോഗസ്ഥയാണെന്നും ട്രാവൽ ഏജന്റാണെന്നും പറഞ്ഞാണ് പലരിൽനിന്നായി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തത്. ഈ കേസിൽ നിലമ്പൂർ അകമ്പാടം തരിപ്പയിൽ ഷിബില (28)യാണ് പിടിയിലായത്. നിലമ്പൂർ ഡാൻസാഫും നിലമ്പൂർ പോലീസും ചേർന്ന് തിരുവനന്തപുരം ബാലരാമപുരത്തുനിന്നാണ് പിടികൂടിയത്.
വയനാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലായി ഇവരുടെ പേരിൽ ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നു. ആർഭാടജീവിതം നയിക്കാനായിരുന്നു ഷിബിലയുടെ തട്ടിപ്പ്. ഒടുവിൽ നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പുകാരിയെ കുരുക്കിയത്.
ഷിബിലയുടെ പേരിൽ അമ്പലവയൽ, മണ്ണുത്തി, വടക്കാഞ്ചേരി, തിരൂരങ്ങാടി സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. ചെന്നൈ കോടതിയിൽ വാറണ്ടും നിലനിൽക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഷിബിലയുടെ തട്ടിപ്പിന് ഇരയായത് കൂടുതലും അടുത്ത ബന്ധുക്കളും സുഹൃത്തുകളുമാണ്. റിസർവ് ബാങ്ക് ഉദ്യോഗസ്ഥയാണെന്നു വിശ്വസിപ്പിച്ച് വീട്ടുകാരേയും വഞ്ചിച്ചിരുന്നു. പിന്നീട് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് അകമ്പാടം സ്വദേശികളായ മൂന്നുപേരിൽനിന്ന് 30 ലക്ഷത്തോളം കബളിപ്പിച്ച് കൈക്കലാക്കി. ഈ കേസിലാണ് ഷിബില അറസ്റ്റിലായത്.
കാനഡയിൽ സൂപ്പർമാർക്കറ്റിൽ ജോലി നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന അകമ്പാടം സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
കൂടാതെ, റിസർവ് ബാങ്കിൽനിന്ന് ബിസിനസ് ആവശ്യത്തിന് വൻ തുക വായ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് നിലമ്പൂർ സ്വദേശിയായ വ്യവസായിയിൽനിന്ന് പല തവണകളായി 30 ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. തുടരെ പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ വ്യവസായി തിരുവനന്തപരം റിസർവ് ബാങ്ക് ഓഫീസിൽ അന്വേഷിക്കുകയും യുവതി പറഞ്ഞത് കളവാണെന്ന് വ്യക്തമാവുകയുമായിരുന്നു.
പണം നഷ്ടപ്പെട്ട വ്യവസായി കോടതിയിൽ പരാതി നൽകുകയും കോടതി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. അതേസമയം, ഷിബില അറസ്റ്റിലായത് അറിഞ്ഞ് സ്റ്റേഷനിൽ കൂടുതൽ പരാതികളെത്തിയിട്ടുണ്ട്. നാലുലക്ഷം മുതൽ 10 ലക്ഷം വരെ നഷ്ടപ്പെട്ടവരാണ് പരാതിക്കാർ.
Discussion about this post