വിതുര: തിരുവനന്തപുരത്ത് വിതുരയിൽ നിന്നും ആശുപത്രിയിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ യുവതിയെ വനത്തിനോടു ചേർന്ന ആളൊഴിഞ്ഞ വീട്ടിലാണ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ്ത.
മണലി ചെമ്പിക്കുന്ന് അബി ഭവനിൽ സുനില(22)യാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ടോടെ സമീപത്തെ ഊരായ കല്ലൻകുടി ഊറാൻമൂട്ടിലെ വീട്ടിലാണ് സുനിലയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടത്തിയെന്നു സംശയിക്കുന്ന സുഹൃത്ത് അച്ചു(24)വിനെ പാലോട് പനയമുട്ടത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
കൂട്ടുകാരിക്കൊപ്പം മെഡിക്കൽ കോളേജിൽ പോകുന്നുവെന്നു പറഞ്ഞാണ് തിങ്കളാഴ്ച പുലർച്ചെയോടെ വീട്ടിൽനിന്നും സുനില ഇറങ്ങിയത്. എന്നാൽ, വൈകീട്ടായിട്ടും സുനിലയെ കാണാതായതോടെ സുനിലയുടെ മാതാപിതാക്കളും ഭർത്താവ് സിബിയും പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കല്ലൻകുടിയിലെ വീട്ടിൽനിന്നു കണ്ടെത്തിയത്.
പിന്നീട് പോലീസ് സുനിലയുടെ സുഹൃത്തായ അച്ചുവിനെ പനയമുട്ടത്തുവെച്ച് സംശയാസ്പദമായ രീതിയിൽ കണ്ടതോടെ പാലോട് പോലീസ് ചോദ്യംചെയ്തിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ചു ജീവിക്കാൻ കഴിയാത്തതിനാൽ മരിക്കാൻ തീരുമാനിച്ചുവെന്നുമാണ് ഇയാളുടെ മൊഴി.
തുടർന്ന് സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നും അച്ചു പോലീസിനോടു പറഞ്ഞു. ഇയാളെ വിതുര പോലീസിനു കൈമാറിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
Discussion about this post