തിരുവനന്തപുരം: മലയാളികള്‍ക്ക് ആശ്വാസമായി ബംഗളൂരു-തിരുവനന്തപുരം സെക്ടറില്‍ അനുവദിക്കപ്പെട്ട പുതിയ ട്രെയിന്‍ ഹംസഫര്‍ എക്സ്പ്രസ് ഇന്നുമുതല്‍ ഓടിത്തുടങ്ങും. ഇന്ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുതിയ ട്രെയിന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഫ്ളാഗ് ഓഫ് ചെയ്യും.
ആധുനിക സൗകര്യങ്ങളോട് കൂടിയ 22 തേഡ് എസി കോച്ചുകളാണ് ഹംസഫറിനുള്ളത്. സിസിടിവി ക്യാമറ, ജിപിഎസ് സ്റ്റേഷന് അനൗണ്‍സ്മെന്റ് ഡിസ്പ്ലേ സംവിധാനം, എല്‍ഇഡി ലൈറ്റുകള്‍, സ്മോക്ക് അലാറം, കോഫി വെന്‍ഡിങ് മെഷീന്, മിനി പാന്‍ട്രി തുടങ്ങിയ സൗകര്യങ്ങള്‍ ഹംസഫര്‍ എക്സ്പ്രസ്സിനെ ആകര്‍ഷകമാക്കുന്നു.
ബംഗളുരുവിലെ ബാനസ് വാടിയില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടു ദിവസമാണ് ഹംസഫര്‍ എക്സ്പ്രസ് സര്‍വീസ് നടത്തുക. വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ വൈകിട്ട് 6.50ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10.45ന് ബാനസ് വാടിയില്‍ എത്തും. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 7 മണിക്ക് ബാനസ് വാടിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ യഥാക്രമം ശനി, തിങ്കള്‍ എന്നീ ദിവസങ്ങളില്‍ രാവിലെ 9.05നു കൊച്ചുവേളിയില്‍ എത്തും.
ബാനസ്വാടിക്ക് മുന്‍പ് കൃഷ്ണരാജപുരത്തും തീവണ്ടിക്ക് സ്റ്റോപ്പുണ്ടാവും. മെട്രോ സ്റ്റേഷനോടു ചേര്‍ന്നുള്ള ബയ്യപ്പനഹള്ളി സ്റ്റേഷനിലെ പ്ലാറ്റ്ഫോം നിര്‍മ്മാണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇവിടെയും തീവണ്ടിക്ക് സ്റ്റോപ്പ് അനുവദിക്കും എന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
Discussion about this post