കോഴിക്കോട്: ഉത്സവത്തിനിടെ പോലീസ് മർദ്ദിച്ച് കാലൊടിച്ചെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ജവാന്റെ ചികിത്സ സൈന്യം ഏറ്റെടുത്തു. ജവാനെ സൈനികരെത്തി കണ്ണൂർ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
ഉത്തർപ്രദേശിലെ 301 ലൈറ്റ് റെജിമെന്റിൽ ഇഎംഇ വിഭാഗത്തിലെ ലാൻസ് നായിക് പുല്പള്ളി വടാനക്കാവല സ്വദേശി പഴയംപ്ലാത്ത് അജിത്തിനെയാണ് മേജർ മനു അശോകിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ്ഹിൽ ബാരക്സിലെ സൈനിക സംഘമെത്തി കണ്ണൂർ സൈനികാശുപത്രിയിലേക്കു മാറ്റിയത്.
ജവാന്റെ ബന്ധുക്കൾ ഉത്തർപ്രദേശ് 301 ലൈറ്റ് റെജിമെന്റിൽ വിവരമറിയിച്ചതിനെ തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പട്ടാളം ഇടപെട്ടത്. പുൽപള്ളി സീതാദേവി-ലവകുശ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അജിത്തിന്റെ ബൈക്ക് കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പോലീസുകാരുമായി തർക്കമുണ്ടായി. തുടർന്ന് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് മർദിച്ചെന്നാണ് അജിത്ത് പരാതിപ്പെട്ടത്.
എന്നാൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആക്രമിച്ചുപരിക്കേൽപ്പിക്കൽ, അസഭ്യംപറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അജിത്തിന്റെ പേരിൽ പുൽപള്ളി പോലീസ് കേസ് രജിസ്റ്റർചെയ്തത്. അജിത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പോലീസ് പറയുന്നു. അജിത്ത് പോലീസുകാരെ അസഭ്യം പറഞ്ഞു. ഹെൽമെറ്റുകൊണ്ട് പോലീസുകാരെ ആക്രമിച്ച് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
പിന്നീട് വടിയുമായി തിരിച്ചെത്തി പോലീസുകാരെ വീണ്ടും ആക്രമിച്ചു. സ്റ്റേഷനിൽവെച്ച് അജിത്തിന് മർദനമേറ്റിട്ടില്ല. ഗ്രീൻവാലിയിൽ നാട്ടുകാരിടപെട്ട് കീഴ്‌പ്പെടുത്തുന്നതിനിടെ നിലത്തുവീണപ്പോൾ ആരുടെയെങ്കിലും ചവിട്ടേറ്റാകാമെന്നുമാണ് പോലീസ് വാദം.