യാത്രയയപ്പ് ദിനത്തിൽ സന്ദേശം കൈമാറിയതിന് പിന്നാലെ മരണത്തിലേക്ക് വീണു; പ്രിയ ടീച്ചറുടെ വിയോഗം വിശ്വസിക്കാനാകാതെ കൊരട്ടി സ്‌കൂളിലെ വിദ്യാർത്ഥികൾ

കൊരട്ടി: യാത്രയയപ്പ് ദിനത്തിൽ കുട്ടികൾക്ക് അവസാന സന്ദേശം കൈമാറിയതിന് പിന്നാലെ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചതിന്റെ ഞെട്ടലിലാണ് കൊരട്ടിയിലെ വിദ്യാർത്ഥികൾ.

കൊരട്ടി ലിറ്റിൽഫ്‌ലവർ കോൺവെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട് അധ്യാപിക രമ്യ ജോസ് (41) ആണ് അന്തരിച്ചത്. പ്ലസ്ടു വിദ്യാർത്ഥികളുടെ യാത്രയയപ്പ് യോഗത്തിൽ”അവസാനമായി എനിക്കു പറയാനുള്ളത് ജീവിതത്തിൽ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കണ്ണീർ വീഴ്ത്താൻ ഇടവരുത്തരുതെന്നാണ്”- എന്ന് പറഞ്ഞതിന് പിന്നാലെ കസേരയിലേക്കിരുന്ന ടീച്ചർ കുഴഞ്ഞുവീഴുകയായിരുന്നു.

വിദ്യാർത്ഥികളോട് സംസാരിച്ച് കഴിഞ്ഞതിന് തൊട്ടടുത്ത നിമിഷം കുഴഞ്ഞുവീണ രമ്യ ടീച്ചറെ അധികം വൈകാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. വിദ്യാർഥികളുടെ യാത്രയയപ്പുയോഗം അധ്യാപികയുടെ വിയോഗവേദിയായതിന്റെ ഞെട്ടലിൽ ആണ് സ്‌കൂൾ ഒന്നാകെ.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ആയിരുന്നു സംഭവം. യോഗത്തിൽ ഗണിതശാസ്ത്ര അധ്യാപിക രമ്യാ ജോസ് പ്രിൻസിപ്പലിനു ശേഷമാണ് പ്രസംഗിക്കാനെഴുന്നേറ്റത്. കുട്ടികളോട് സംസാരിച്ചശേഷം പെട്ടെന്ന് കസേരയിലേക്കിരുന്ന അവർ അടുത്ത നിമിഷം കുഴഞ്ഞുവീഴുകയും ചെയ്തു. തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ തന്നെ മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ സ്‌കൂൾ വാർഷികയോഗത്തിനിടെ പ്രസംഗിച്ചുകൊണ്ടിരിക്കെ രമ്യാ ജോസ് കുഴഞ്ഞുവീണിരുന്നു. അന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും തുടർന്നു നടത്തിയ ആരോഗ്യപരിശോധനകളിൽ മറ്റ് പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നില്ല.

ALSO READ-മകനെ കൊലപ്പടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി യാത്ര, വനിതാ സിഇഒ അറസ്റ്റില്‍

എന്നാൽ അൽപകാലത്തിനിപ്പുറം സമാനമായ ചടങ്ങിൽ വെച്ച് അധ്യാപിക വീണ്ടും കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു. പരീക്ഷ വരുന്നതുകൊണ്ടാണ് പ്ലസ്ടു വിദ്യാർഥികളുടെ യാത്രയയപ്പ് മാർച്ചിന് മുൻപെ നേരത്തെയാക്കിയത്.

ഹൈക്കോടതി അഭിഭാഷകൻ എറണാകുളം മരട് ചൊവ്വാറ്റുകുന്നേൽ ജോസിന്റെയും മേരിയുടെയും മകളാണ്. ഭർത്താവ്: അങ്കമാലി വാപ്പാലശ്ശേരി പയ്യപ്പിള്ളി കൊളുവൻ ഫിനോബ്. മക്കൾ: നേഹ, നോറ (പീച്ചാനിക്കാട് സെയ്ന്റ് സേവ്യേഴ്സ് സ്‌കൂൾ വിദ്യാർഥികൾ).

ALSO READ-എംവിഡിയുടെ തുടർച്ചയായ പരിശോധന, വാഹനം പിടിച്ചെടുക്കൽ, സർവീസ് നടത്താനാകുന്നില്ലെന്ന് റോബിൻ ബസ് ഉടമ; കോടതിയലക്ഷ്യ ഹർജി നൽകി

മൃതദേഹം ചൊവ്വാഴ്ച സ്‌കൂളിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നെടുമ്പാശ്ശേരി അകപ്പറമ്പ് സെയ്ന്റ് ഗർവാസിസ് പ്രോത്താസിസ് പള്ളി സെമിത്തേരിയിൽ.

Exit mobile version