റിയാദ്: ഇലക്ട്രിക്കല്‍ ജോലിക്കിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശി റിജില്‍ രവീന്ദ്രന്‍ (28) ആണ് മരിച്ചത്. റിയാദിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഡിസംബര്‍ 11ന് റിയാദില്‍ നിന്ന് 767 കിലോമീറ്റര്‍ അകലെ റഫ്ഹ പട്ടണത്തിലുള്ള ജോലിസ്ഥലത്താണ് അപകടമുണ്ടായത്. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഇലക്ട്രീഷ്യനായ റിജില്‍ ജോലി ചെയ്യുന്നതിനിടെ രാവിലെ 10ഓടെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നു. പിന്നീട് റിജിലിന്റെ ശരീരത്തിലേക്ക് തീ ആളിപ്പിടിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു.
അപ്പോള്‍ തന്നെ റഫ്ഹ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13ാം തീയതി മെഡിക്കല്‍ വിമാനത്തില്‍ റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Discussion about this post