തിരുവനന്തപുരം: സ്വന്തം അമ്മ മരിച്ചതറിഞ്ഞിട്ടും അവസാനമായി ഒരുനോക്ക് കാണാനോ മൃതദേഹം ഏറ്റുവാങ്ങാനോ എത്താതെ മക്കള്‍. മക്കള്‍ കൈയ്യൊഴിഞ്ഞ് അമ്മയെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് യാത്രയാക്കി അജുവിന്റെ കാരുണ്യം. കഠിനകുളം സ്വദേശിയായ ലളിതമ്മയാണ് നൊന്തുപെറ്റ മക്കളുടെ അന്ത്യാഞ്ജലിയില്ലാതെ യാത്രയായത്.
കൂലിപ്പണി ചെയ്താണ് ലളിതമ്മ രണ്ട് പെണ്‍മക്കളെയും മകനെയും വളര്‍ത്തി വലുതാക്കിയത്. എന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍ മക്കള്‍ അമ്മയെ ഉപേക്ഷിച്ചു. മക്കള്‍ നോക്കാതായതോടെ പല വീടുകളിലും വീട്ട് ജോലിയെടുത്തും പാത്രം കഴുകിയും മറ്റുമായിരുന്നു ലളിതമ്മയുടെ ജീവിതം.
ഒരു വര്‍ഷം മുമ്പാണ് ആര്യനാട് മീനാങ്കല്‍ സ്വദേശി അജു കെ.മധു എന്ന യുവാവ് പെരുമാതുറയിലുള്ള തണല്‍ ഓര്‍ഫണേജില്‍ ലളിതമ്മയെ എത്തിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ലളിതമ്മ ജോലിക്ക് നിന്നിരുന്ന വീട്ടില്‍ നിന്നുമാണ് അജുവിന് ലളിതമ്മയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ആരോഗ്യവസ്ഥ മോശമായിരുന്ന ലളിതമ്മയെ അജു ഏറ്റെടുത്താണ് തണല്‍ ഓര്‍ഫണേജില്‍ എത്തിച്ചത്.
കഴിഞ്ഞ മാസം വാര്‍ദ്ധക്യസഹചമായ അസുഖങ്ങള്‍ കൂടിയതോടെ ലളിതമ്മയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പല പ്രാവശ്യം മക്കളെ വിവരമറിയിച്ചിട്ടും അവര്‍ തിരിഞ്ഞ് നോക്കിയില്ലെന്നാണ് തണല്‍ ഓരര്‍ഫനേജ് അധികൃതര്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് കഴിഞ്ഞ ദിവസം ലളിതമ്മ മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ദിവസം മൃതദേഹം ഏറ്റുവാങ്ങാന്‍ അറിയിച്ചിട്ടും ആരും എത്തിയില്ല. ഒടുവില്‍ കഠിനംകുളം പോലീസ് ഏറ്റവാങ്ങിയ മൃതദേഹം തുടര്‍ന്ന് അജു ഏറ്റുവാങ്ങി. അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ അജു തീരുമാനിക്കുകയായിരുന്നു. തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ച് ആചാരപ്രകാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ അര്‍പ്പിച്ച് ലളിതമ്മയെ സംസ്‌ക്കരിച്ചു. ചൊവ്വാഴ്ച അമ്മയുടെ അസ്ഥി തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ നിമജ്ജനം ചെയ്യുമെന്നും അജു അറിയിച്ചു.