തിരുവനന്തപുരം: തീരദേശത്ത് കൂട്ടമായെത്തിയ തെരുവ് നായയുടെ ആക്രമണത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കരുംകുളം പഞ്ചായത്തില്‍ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. കുട്ടിയെ തെരുവ് നായക്കൂട്ടം കടിച്ച് കുടയുകയായിരുന്നു.
പുതിയതുറ ചെക്കിട്ട വിളാകത്ത് താഴെ വീട്ടുവിളാകം വീട്ടില്‍ ശിലുവയ്യന് – അജിത ദമ്പതികളുടെ മകന് സ്റ്റിജോയെ (8) ആണ് തെരുവുനായകള്‍ കടിച്ചത്.
സ്കൂളില്‍ നിന്നും വന്ന ശേഷം ബീച്ച് റോഡില്‍ കളിക്കാന്‍ പോകുന്ന വഴിയ്ക്കാണ് കൂട്ടമായെത്തിയ തെരുവ് നായകള്‍ കടിച്ചത്. കുട്ടിയുടെ കാല്‍മുട്ടിന് പിന്നിലും പിന്‍ഭാഗത്തും കടിയേറ്റ് മാംസം അടര്‍ന്ന നിലയിലാണ്. കടപ്പുറത്ത് വിശ്രമിക്കുകയായിരുന്ന മത്സ്യതൊഴിലാളികളാണ് കുട്ടിയെ നായകളില്‍ നിന്നും രക്ഷിച്ചത്.
കുട്ടിയുടെ ശരീരത്തില്‍ 12 ഓളം മുറിവുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്റ്റിജോയെ കമഴ്ത്തി കിടത്തിയാണ് പുല്ലുവിള കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. മുറിവ് ഗുരുതരമായതിനാലും രക്തം നിലയ്ക്കാതെ ഒഴുകിയതിനാലും കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് എസ് എ ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Discussion about this post