താമരശ്ശേരി: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ ബന്ധുക്കളും നാട്ടുകാരും ഇടപെട്ടതോടെ നടന്നത് കൂട്ടത്തല്ല്. ഇതിനിടെ ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത വിദ്യാർത്ഥിനിക്ക് വീണ് പരിക്കുമേറ്റു. താമരശേരി കോരങ്ങാട് സർക്കാർ ഹൈസ്‌കൂളിലെ വിദ്യാർഥിയെ ഒരു സംഘം വിദ്യാർഥികൾ മർദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഇതിനി തിരിച്ചടിക്കാനായി മർദ്ദനമേറ്റ വിദ്യാർഥിയുടെ ബന്ധുക്കളും നാട്ടുകാരും വരികയായിരുന്നു. കഴിഞ്ഞദിവസം നടന്ന മർദ്ദനത്തിന് ഇന്ന് പകരം ചോദിക്കാനെത്തിയവർ വിദ്യാർത്ഥികളെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചു.
സ്‌കൂളിന് സമീപത്തെ കടയിൽവെച്ചായിരുന്നു വാക് തർക്കം നടന്നത്. ഇതിനിടെ കടയിൽ എത്തിയ വിദ്യാർഥിനിക്ക് പരിക്കേൽക്കുകയായിരുന്നു. സംഘർഷത്തിനിടെ ഉന്തും തള്ളുമുണ്ടായപ്പോൾ ഇടയിൽപ്പെട്ട് തലയിടിച്ചുവീണാണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റത്.
ALSO READ- അനാഥാലയത്തില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായി; കേസെടുത്ത് പോലീസ്
കഴിഞ്ഞ ദിവസം കോരങ്ങാട് സർക്കാർ ഹൈസ്‌കൂളിലെ രണ്ട് വിഭാഗം വിദ്യാർത്ഥികൾ വയലിലും റോഡിലുമായി ഏറ്റുമുട്ടിയിരുന്നു. പിന്നാലെയാണ് ഇന്ന് ട്യൂഷൻ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ ബന്ധുക്കളെത്തി മർദ്ദനത്തിന് ഇരയാക്കിയത്.