സംസ്ഥാന സ്‌കൂള്‍ കലോത്സവം: 425 പോയിന്റുമായി കണ്ണൂര്‍ ഒന്നാംസ്ഥാനത്ത്; ഇഞ്ചോടിഞ്ച് പോരാടി പാലക്കാടും, കോഴിക്കോടും രണ്ടാം സ്ഥാനത്ത്

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ട് ദിവസം പിന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനത്ത് കണ്ണൂര്‍ ജില്ല. 425 പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത് എത്തിയത്. 410 പോയന്റുകളുമായി പാലക്കാടും, കോഴിക്കോടും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 409 പോയിന്റുകളോടെ തൊട്ട് പിന്നില്‍ കൊല്ലവുമുണ്ട്.

ഇന്ന് 24 വേദികളിലായി 59 ഇനങ്ങളിലാണ് മത്സരങ്ങള്‍. മിമിക്രി, മോണോ ആക്ട്, നാടോടി നൃത്തം, മൈം തുടങ്ങിയവയാണ് ഇന്നത്തെ ഗ്ലാമര്‍ ഇനങ്ങള്‍. അതിനിടെ ഇന്ന് നടക്കാനിരുന്ന മിമിക്രി മത്സരത്തിന്റെയും, മൂകാഭിനയത്തിന്റെയും വേദികള്‍ പരസ്പരം മാറ്റിയിട്ടുണ്ട്. ഇത്തവണയും സ്വര്‍ണകപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കും എന്നതില്‍ സംശയമില്ല. ജനപ്രിയ ഇനങ്ങളുടെ മത്സരം നടക്കുന്നതിനാല്‍ രണ്ടാം ദിനം സദസ് ഒഴിഞ്ഞ് കിടന്നിരുന്നില്ല. നാടോടി നൃത്തത്തിന്റെയും നാടകത്തിന്റെയും ഭരതനാട്യത്തിന്റെയും വേദികള്‍ കാണികളാല്‍ നിറഞ്ഞിരുന്നു.

അതേസമയം, കലോത്സവങ്ങളില്‍ അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കാന്‍ വേണ്ടി വന്നാല്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അപ്പീലുകളുടെ എണ്ണം കൂടുന്നതാണ് മത്സരങ്ങള്‍ വൈകാന്‍ കാരണം എന്നാണ് സംഘാടക സമിതി പറയുന്നത്. പലയിനങ്ങള്‍ക്കും എത്ര അപ്പീലുകള്‍ വന്നിട്ടുണ്ടെന്ന് പോലും സംഘാടകര്‍ക്ക് നിശ്ചയം ഇല്ലാത്ത അവസ്ഥയും ഉണ്ട്. വരും വര്‍ഷങ്ങളില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് നിയമനിര്‍മാണം സര്‍ക്കാര്‍ ആലോചിക്കുന്നത്.

Exit mobile version