‘വീട്ടിലേക്ക് ഇനി തിരിച്ച് ഉടനില്ല, ഞങ്ങളെ അന്വേഷിച്ച് വരേണ്ട, ഇനി പൊലീസിനെയും പട്ടാളത്തെയും അറിയിക്കേണ്ട’; കത്തെഴുതിവെച്ച് വീടുവിട്ടിറങ്ങി എട്ടാംക്ലാസ് വിദ്യാര്‍ത്ഥികള്‍, തിരച്ചില്‍

കൊച്ചി: കത്തെഴുതിവെച്ച ശേഷം മൂന്നു കുട്ടികള്‍ വീടുവിട്ടിറങ്ങിയതായി പരാതി. എറണാകുളത്താണ് സംഭവം. പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‌വിന്‍ (13) എന്നിവരെയാണ് കാണാതായത്. നാടുവിടുകയാണെന്നായിരുന്നു കത്തില്‍ എഴുതിയത്.

വെള്ളിയാഴ്ച ഉച്ചമുതലാണ് എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളായ ഇവരെ കാണാതായത്. രാവിലെ 11 മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് ഞാറയ്ക്കല്‍ പൊലീസ് പറഞ്ഞു.

also read:ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പെരുമഴ, ഈ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ടുകള്‍

ആദിത്താണ് വീട്ടില്‍ കത്തെഴുതി വെച്ചത്. വീട്ടിലേക്ക് ഇനി തിരിച്ച് ഉടനില്ലെന്നും അടുത്ത വര്‍ഷം കാണാമെന്നും കത്തില്‍ കുറിച്ചുണ്ട്. ഞങ്ങളെ മൂന്ന് പേരെ അന്വേഷിച്ച് അച്ഛനും അമ്മയും വരേണ്ടെന്നും കത്തില്‍ പറയുന്നു.

അടുത്ത വര്‍ഷം ജനുവരിയില്‍ മാത്രമേ ഇനി തിരിച്ചുവരൂ. ഞങ്ങള്‍ പോകുന്നത് പൊലീസിനെയും പട്ടാളത്തെയും അറിയിക്കണമെന്നില്ലെന്നും കത്തില്‍ കുറിച്ചിട്ടുണ്ട്. മൂന്ന് പേരും ചുവന്ന നിറത്തിലുള്ള ടീ ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. കുട്ടികളെ കണ്ടുകിട്ടുന്നവര്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version