തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ഇടുക്കിയിലാണ് ഓറഞ്ച് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ട്. അതേസമയം, നാളെ തിരുവനന്തപുരം എറണാകുളം പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതും ലക്ഷദ്വീപ് മുതല്‍ വടക്കന്‍ കൊങ്കണ്‍ വരെ ഒരു ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയുന്നതുമാണ് മഴയ്ക്ക് കാരണം.
നാളെ രാത്രി 11.30 വരെ കേരള തീരത്തും വടക്കന്‍ തമിഴ്‌നാട് തീരത്തും 0.5 മുതല്‍ 1.2 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.