കോഴിക്കോട് : തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന വിവാദ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് സമസ്ത മുശാവറ അംഗം മുക്കം ഉമര്‍ ഫൈസി. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഉമര്‍ ഫൈസി പറഞ്ഞു.
‘തന്നെ മുമ്പ് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചിരുന്നു. കാര്യങ്ങള്‍ അന്വേഷിച്ചശേഷം നടപടികളൊന്നും ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. രണ്ടുമാസത്തിനുശേഷം ഇപ്പോള്‍ കേസ് എടുത്തത് എന്തിനാണെന്ന് മനസിലാകുന്നി”ല്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
വി പി സുഹറ നല്‍കിയ പരാതിയിലാണ് നടക്കാവ് പൊലീസ് ഉമര്‍ ഫൈസിക്കെതിരെ കേസെടുത്തത്. ചാനല്‍ ചര്‍ച്ചക്കിടെ തട്ടമിടാത്ത സ്ത്രീകളെല്ലാം അഴിഞ്ഞാട്ടക്കാരികള്‍ എന്ന പരാമര്‍ശത്തിനെതിരെയായിരുന്നു വിപി സുഹറ പരാതി നല്‍കിയത്.
മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഐപിസി 295 എ, 298 എന്നീ വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയത്.