അങ്കമാലി: തന്റെ പണമടങ്ങിയ പഴ്‌സ് കവര്‍ന്നവരുടെ ദയ പ്രതീക്ഷിച്ച് ഉണ്ണിയപ്പ വില്‍പനയിലൂടെ ഉപജീവനം നടത്തുന്ന വീട്ടമ്മ. അങ്കമാലി ചെങ്ങമനാട് സ്വദേശി ബിന്ദുവിന്റെ മൂവായിരം രൂപയടങ്ങുന്ന പഴ്‌സാണ് നഷ്ടമായത്. ആര്‍ക്കെങ്കിലും കളഞ്ഞു കിട്ടിയ ആ പഴ്‌സ് തിരിച്ചുതരണമെന്ന് ബിന്ദു അപേക്ഷിക്കുകയാണ്.
ഉപജീവനത്തിനായി കൊരട്ടി പള്ളിയുടെ മുമ്പില്‍ ഉണ്ണിയപ്പം വില്‍ക്കുകയാണ് ബിന്ദു. അങ്കമാലി ചെങ്ങമനാടാണ് സ്വദേശിയാണ് ബിന്ദു. ഏഴു വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചു. കൊരട്ടിയില്‍ നിന്ന് വീട്ടിലേയ്ക്കുള്ള ബസ് യാത്രയ്ക്കിടെയാണ് പഴ്‌സ് നഷ്ടപ്പെട്ടത്. ക്ഷീണം കൊണ്ട് ബസിലിരുന്നു മയങ്ങിപ്പോയിരുന്നു. ഇറങ്ങുന്നതിനിടെയാണ് പഴ്സ് കാണാതായത്. ബസില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
മകനും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഉപജീവനം ഉണ്ണിയപ്പ വില്‍പനയിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനമാണ്. പുലര്‍ച്ചെ നാലു മണിയ്ക്ക് ഉറക്കമുണര്‍ന്ന് ഉണ്ണിയപ്പം ഉണ്ടാക്കും. വീട്ടിലെ ജോലിയ്ക്കും മക്കളെ സ്‌കൂളിലാക്കിയാണ് ഉണ്ണിയപ്പം വില്‍ക്കാനിറങ്ങുന്നത്.
മകന്റെ പഠനം എസ്എസ്എല്‍സിയോടെ അവസാനിപ്പിച്ചു. താഴെയുള്ള മകള്‍ എസ്എസ്എല്‍സി വിദ്യാര്‍ഥിനി, ഇളയമകള്‍ ഇപ്പോള്‍ ഏഴാം ക്ലാസില്‍. വീടിന്റെ വാടക, വൈദ്യുതി ചാര്‍ജ്, മക്കളുടെ സ്‌കൂള്‍ ഫീസ് എല്ലാത്തിനുമായി പ്രതിമാസം വലിയ തുക വേണം. മൂത്തമകനും ഇടയ്ക്ക് അമ്മയെ സഹായിക്കുവാന്‍ ഒപ്പമുണ്ടാകും. ഇത്രയും കഷ്ടപ്പെട്ടുണ്ടാക്കിയ തുകയാണ് പഴ്‌സിലുള്ളത്.