ന്യൂഡല്‍ഹി: ബംഗളൂരുവില്‍ അപ്പാര്‍ട്ട്‌മെന്റിലെ പാചകവാതകം തുറന്നുവിട്ട് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെയും കുട്ടിയെയും രക്ഷപ്പെടുത്തി അഗ്‌നിശമന സേനാംഗങ്ങള്‍. 37 കാരിയായ യുവതിയാണ് തന്റെ അഞ്ച് വയസ്സുള്ള കുട്ടിയോടൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
യുവതിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പാചകവാതകത്തിന്റെ ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അഗ്‌നിശമന സേനയെ വിളിക്കുകയായിരുന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോള്‍ യുവതി വാതില്‍ തുറക്കാന്‍ വിസമ്മതിച്ചു. കുടുംബാംഗങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവതി പ്രതികരിക്കുകയോ വാതില്‍ തുറക്കുകയോ ചെയ്തില്ല.
തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയത്. ആ സമയം യുവതി അടുക്കളയ്ക്ക് പുറത്ത് കയ്യില്‍ ലൈറ്ററും പിടിച്ച് നില്‍ക്കുകയായിരുന്നു. ശക്തമായി എതിര്‍ത്തെങ്കിലും അഗ്‌നിശമന സേനാംഗങ്ങളും അയല്‍വാസികളും ചേര്‍ന്ന് യുവതിയേയും കുട്ടിയേയും പുറത്തെത്തിക്കുകയായിരുന്നു. വീട്ടുകാരുമായി ആവര്‍ത്തിച്ചുള്ള വഴക്കിനെത്തുടര്‍ന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നും ഭര്‍ത്താവ് ജോലി സ്ഥലത്ത് പോയ സമയത്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ബംഗളൂരു വൈറ്റ്ഫീല്‍ഡ് പോലീസ് കേസെടുത്തു.