തിരുവനന്തപുരം: ഒന്നര വയസുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു. പ്രതി മഞ്ചു ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ശ്രീകണ്ഠന്- സിന്ധു ദമ്പതികളുടെ ഒന്നര വയസുള്ള അനന്ദനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ദാരുണ സംഭവം നടന്നത്.
കാട്ടാക്കട കൊണ്ണിയൂരിലാണ് സംഭവം. വീടിനോട് ചേര്‍ന്ന കിണറ്റില്‍ എറിഞ്ഞാണ് മഞ്ചു ഒന്നര വയസുകാരനെ കൊലപ്പെടുത്തിയത്. ശ്രീകണ്ഠന്റെ ആദ്യഭാര്യയായിരുന്നു മഞ്ചു. ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളുണ്ട്. എന്നാല്‍ രണ്ടാമത്തെ പ്രസവത്തോടെ മഞ്ചുവിന് മാനസികാസ്വാസ്ഥ്യം നേരിട്ടു.
ALSO READ തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റില്‍ എറിഞ്ഞ് കൊല്ലപ്പെടുത്തി
ഇതോടെയാണ് ശ്രീകണ്ഠന് മഞ്ചുവിന്റെ സഹോദരി സിന്ധുവിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലാണ് കൊല്ലപ്പെട്ട കുഞ്ഞ് അനന്ദന് പിറന്നത്. ശ്രീകണ്ഠനും മഞ്ചുവും സിന്ധുവും മൂന്ന് മക്കളും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്.
ഇന്ന് രാവിലെ കൊലപാതക കൃത്യം നടത്തിയ മഞ്ചു പിന്നീട് പ്രദേശത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോട് വിവരം പറയുകയായിരുന്നു. പിന്നാലെ കാട്ടാക്കട ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
Discussion about this post