കോഴിക്കോട്: കളഞ്ഞുകിട്ടിയ പണവും വിലപ്പെട്ട രേഖകളും ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കി മാതൃകയായി കോഴിക്കോട്ടുകാര്‍. പെന്‍ഷന്‍ തുകയും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ട വയോധികനും ഓഫീസിലെ പണം നഷ്ടപ്പെട്ട യുവാവിനുമാണ് സത്യസന്ധതയുടെ വെളിച്ചവുമായി ഓട്ടോ ഡ്രൈവര്‍മാരും ബസ് കണ്ടക്ടറുമെത്തിയത്.
കളഞ്ഞ് കിട്ടിയ പണമടങ്ങി ബാഗും കവറും ഇവര്‍ ഉടമസ്ഥര്‍ക്ക് തിരിച്ച് നല്‍കി. തലയാട് കല്ലാനോട് ഭാഗത്തേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യവേയാണ് സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കലക്ഷന്‍ ഏജന്റായ റാഫിയുടെ ബാഗ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ബാഗില്‍ ഓഫീസിലെ ഒരു ലക്ഷം രൂപയുമുണ്ടായിരുന്നു. ബാഗ് വീണുപോയതറായാതെ റാഫി യാത്ര തുടരുകയായിരുന്നു. റോഡില്‍ നിന്നാണ് തലയാട് അങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍മാരായ സത്യനും അബ്ദുറഹ്‌മാനും ബാഗ് ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തി ബാഗ് ഏല്‍പ്പിച്ചു.
ബാലുശ്ശേരി എസ്.ഐ പി. റഫീഖിന്റെ സാനിദ്ധ്യത്തിലാണ് ബാഗിന്റെ ഉടമയായ റാഫിയെ കണ്ടെത്തുകയും പണം തിരികെ ഏല്‍പ്പിക്കുകയും ചെയ്തത്. കമ്പനിയുടെ പണമാണെന്നും നഷ്ടപ്പെട്ടിരുന്നെങ്കില്‍ താന്‍ വലിയ പ്രതിസന്ധിയിലായേനെ എന്നും നിറകണ്ണുകളോടെ റാഫി പറഞ്ഞു.
also read:വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, 28കാരി ജീവനൊടുക്കിയ നിലയില്‍
രാവിലെയുള്ള ഓട്ടത്തിനിടെയായിരുന്നു സിറ്റി-വെള്ളിമാട്കുന്ന് റൂട്ടിലോടുന്ന കാവ്യ ബസ്സിന്റെ ഉടമയും കണ്ടക്ടറുമായ കൃപേഷിന് ബസ്സില്‍ നിന്നും ഒരു കവര്‍ കിട്ടിയത്. അത് തുറന്ന് നോക്കിയപ്പോള്‍ 15000 രൂപയും പെന്‍ഷന്‍ രേഖകളും കണ്ടു.
കൃപേഷ് ഉടന്‍ തന്നെ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും കോഴിക്കോട് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂനിറ്റില്‍ തുകയും രേഖകളും ഏല്‍പിക്കുകയും ചെയ്തു.
തന്റെ നഷ്ടപ്പെട്ട പണവും രേഖകളും കണ്ടെത്തിയതറിഞ്ഞ വയോധികന്‍ ഓഫീസിലെത്തുകയും ട്രാഫിക് എസ്.ഐ സജിതയുടെ സാനിദ്ധ്യത്തില്‍ ഇവ ഏറ്റുവാങ്ങുകയും ചെയ്തു. ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ തുക വാങ്ങി മടങ്ങുന്നതിനിടയില്‍ അത് ബസ്സില്‍ മറന്നുവെക്കുകയായിരുന്നുവെന്ന് വയോധികന്‍ പറഞ്ഞു.