തിരുവനന്തപുരം: കോട്ടയത്ത് നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജസ്‌നയുടെ കേസുമായി ബന്ധപ്പെട്ട് വീണ്ടും വെളിപ്പെടുത്തലുമായി മുൻഡിജിപി ടോമിൻ ജെ തച്ചങ്കരി. ജസ്‌ന തിരോധാനക്കേസിൽ സിബിഐ കേസ് അവസാനിപ്പിച്ച് ക്ലോഷർ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് തച്ചങ്കരി പ്രിതകരിച്ച് രംഗത്തെത്തിയത്. കേ്‌സ അവസാനിപ്പിച്ചെന്ന റിപ്പോർട്ട് സാങ്കേതികത്വം മാത്രമെന്ന് തച്ചങ്കരി അഭിപ്രായപ്പെട്ടു.
കേരളാ പോലീസ് കേസ് അന്വേഷിച്ച സമയത്ത് വ്യക്തമായ ലീഡുകൾ ലഭിച്ചിരുന്നെന്നും എന്നാൽ കോവിഡ് ലോക്ക്ഡൗൺ വന്നതോടെ അന്വേഷണം വഴിമുട്ടുകയായിരുന്നു എന്നും തച്ചങ്കരി പറഞ്ഞു.
ജസ്‌ന കേസ് അന്വേഷിച്ച സമയത്ത് കേസ് ഡയറി പരിശോധിച്ചപ്പോൾ ജസ്‌നയെ അവസാനം കണ്ട സമയം, സ്ഥലം, പോയത് എങ്ങനെയാണ്, എങ്ങോട്ടേക്കാണ് തുടങ്ങിയ കാര്യങ്ങളിൽ വ്യത്യസ്തമായ ഒരു ലീഡ് കിട്ടിയിരുന്നു. അതുവെച്ച് അന്വേഷണം തുടരുകയും ചെയ്തു. പിന്നീട് ജസ്‌ന കൈയെത്തും ദൂരത്ത് എത്തി എന്നുവരെ കരുതിയ സമയമുണ്ടായി. എന്നാൽ അപ്പോഴാണ് കോവിഡ് വരുന്നത്.
കേസ് അന്വേഷണവുമായി പോകേണ്ടിയിരുന്നത് കുമളി, തേനി വഴി തമിഴ്‌നാട്ടിലേക്കായിരുന്നു. എന്നാൽ പിന്നീട് ഒന്നരവർഷക്കാലത്തോളം കേരളം അടഞ്ഞു കിടന്നു. ഈ സമയത്താണ് കുടുംബം കോടതിയിൽ പോവുകയും കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തത്.കണ്ണികളായി അന്വേഷിച്ചു പോയ സമയത്ത് കേസ് തെളിയിക്കുമെന്നായിരുന്നു എല്ലാവരും വിചാരിച്ചതെന്നും തച്ചങ്കരി പറഞ്ഞു.
ജസ്‌ന ഒരു മരീചികയല്ല. സിബിഐയെ കുറ്റം പറയാനാകില്ല. ഈ പ്രപഞ്ചത്തിൽ ജീവിച്ചിരിക്കുകയോ മരിച്ചിരിക്കുകയോ ഉണ്ടെങ്കിൽ ജസ്‌നയെ സിബിഐ കണ്ടെത്തും. രാജ്യത്ത് ഏറ്റവും മികച്ച ഏജൻസിയാണ് സിബിഐ കേസ് അവസാനിപ്പിച്ചത് സാങ്കേതികത്വമാണ്. ഒരു കേസ് വളരെ നാളുകളോളം അന്വേഷിക്കുമ്പോൾ കൃത്യമായ ലീഡില്ലെങ്കിൽ താത്ക്കാലികമായി ക്ലോഷർ റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ കൊടുക്കും. എന്നെങ്കിലും ഒരു സൂചന ലഭിക്കുകയാണെങ്കിൽ സിബിഐയ്ക്ക് അന്വേഷിക്കാൻ സാധിക്കും. നിരാശരാകേണ്ട കാര്യമില്ലെന്നും കേസ് പൂർണമായും അടഞ്ഞു എന്ന് കരുതേണ്ടതില്ലെന്നും തച്ചങ്കരി പറഞ്ഞു.
തനിക്ക് സിബിഐയിൽ പൂർണവിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമം, ജസ്‌നയുടെ സംഭവത്തിൽ മതപരിവർത്തനം നടന്നു എന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. മതപരിവർത്തനം നടന്നെന്ന് പറഞ്ഞാൽ അതിനുള്ള തെളിവ് കൊടുക്കണം. തെളിവില്ലാത്തത് കൊണ്ട് മതപരിവർത്തനം നടന്നോ ഇല്ലയോ എന്ന് പറയാൻ കഴിയില്ലെന്നും ടോമിൻ ജെ തച്ചങ്കരി പ്രതികരിച്ചു.
Discussion about this post