തൃശ്ശൂര്‍: പുലിവാഹനന്‍ അയ്യപ്പന്‍ എന്നാണല്ലോ പറയാറുള്ളത്. അയ്യപ്പന്റെ കഥകളിലെല്ലാം പുലിക്ക് വലിയ സ്ഥാനമാണ് ഉള്ളത്. എന്നാല്‍ തന്ത്ര ശാസ്ത്ര പ്രകാരം ഈ അറിവ് തെറ്റാണെന്ന് തെളിയുന്നു. അയ്യപ്പന്റെ വാഹനം കുതിരയാണെന്നാണ് പുതിയ വാദം. എന്നാല്‍ ഇത് വെറും വാദമല്ല, തെളിവുകളുമുണ്ട്.
അയ്യപ്പനെ ഉറക്കുന്നെന്ന് വിശ്വസിക്കുന്ന ഹരിവരാസനത്തില്‍ പോലും പറയുന്നു തുരഗ വാഹനനെന്നും വാജി വാഹനനെന്നും. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയുടെ വാഹനമായിരിക്കും കൊടിമരത്തിന് മുകളില്‍ ഉണ്ടാവുക. ശബരിമലയിലേത് കുതിരയാണ്. കണ്ണൂരിലെ തൃക്കൈക്കുന്ന് ക്ഷേത്രമടക്കമുള്ള ചിലയിടങ്ങളില്‍ അശ്വാരൂഢന്‍ ആയിട്ടുള്ള അയ്യപ്പനുണ്ട്.
എന്നാല്‍ പുരാണക്കഥ അനുസരിച്ച് അമ്മയ്ക്ക് പുലിപ്പാലിനായി പുലിപ്പുറത്തു വന്നെന്ന വിശ്വാസവുമായി ബന്ധപ്പെട്ടാണ് അയ്യപ്പനെ പുലി വാഹനനെന്ന് പറയുന്നത്. അതേസമയം 2 തരത്തില്‍ വാദങ്ങള്‍ ഉയരുന്നുണ്ട്. ശാസ്താവിന്റെ വാഹനമാണ് കുതിരയെന്നും അയ്യപ്പന്റെത് പുലി തന്നെയാണെന്നും.