തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശ്ശൂരില്‍. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശ്ശൂരിലേക്ക് പുറപ്പെടും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ അതീവസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തൃശൂരില്‍ പൂര്‍ത്തിയായി. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലും മൂവായിരത്തിലധികം പോലീസുകാരെ വിന്യസിപ്പിക്കും. മാത്രമല്ല, പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം വേറെയും ഉണ്ടാകും.
ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂര്‍ കോളേജ് ഗ്രൗണ്ടില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടേകാലോടെ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും.
തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോഡി സംസാരിക്കും.
പൂരനഗരി സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കേന്ദ്ര സേനയുടെയും നീരീക്ഷണത്തില്‍. നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തു. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇടവിട്ട് ബോംബ് സ്ക്വാഡിന്റെ പരിശോധനയുണ്ട്. നായക്കനാലില്‍ നിന്നും തേക്കിന്‍കാട് മൈതാനിയിലേക്കുള്ള കവാടം പൂര്‍ണമായും എസ് പി ജിയുടെയും മറ്റു പൊലീസ് സേനയുടെയും നിയന്ത്രണത്തിലാണ്. കനത്ത പരിശോധനയ്ക്കുശേഷമാണ് ബന്ധപ്പെട്ടവരെപ്പോലും പ്രധാനകടത്തിവിടുന്നത്. മോഡി പ്രസംഗിക്കുന്ന വേദിക്കു ചുറ്റുവട്ടത്തുള്ള ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.
Discussion about this post