കൊച്ചി: ബൈക്കില്‍ കറങ്ങി നടന്ന് മാല കവരുന്ന രണ്ട് അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പാലക്കാട് പിടിയില്‍. നാല്‍പ്പതിലധികം കേസുകളില്‍ പ്രതിയായ കോയമ്പത്തൂര്‍ സ്വദേശി ഷാജഹാന്‍ സുഹൃത്ത് കാജാ ഹുസൈന്‍ എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്തുന്നതിനാണ് ഇരുവരും കവര്‍ച്ചയ്ക്ക് ഇറങ്ങുന്നതെന്ന് പോലീസ് റിപ്പോര്‍ട്ട്.
തിരക്കുള്ള സ്ഥലത്ത് നിന്നും ഇരുചക്രവാഹനം കവരും. ഈ വാഹനത്തില്‍ സഞ്ചരിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് എത്തും. പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ട് അടുത്തെത്തി വഴി ചോദിച്ച് മാല പൊട്ടിച്ച് രക്ഷപ്പെടും, ഇതായിരുന്നു ഇരുവരുടെയും മോഷണ രീതി. ഷാജഹാന്റെ പേരില്‍ മാത്രം നാല്‍പ്പത് കവര്‍ച്ച കേസുണ്ട്. ലഹരികടത്തും ഗുണ്ടാ ആക്രമണവും ഉണ്ട്. കാജാ ഹുസൈന്റെ പേരിലും പതിനഞ്ചിലധികം കേസുണ്ടെന്ന് പോലീസ്.
2023 ഡിസംബര്‍ ഒന്നിന് എണ്‍പത്തി രണ്ടുകാരിയായ മാട്ടുമന്ത സ്വദേശിനിയുടെ മാല കവര്‍ന്ന കേസിലാണ് നോര്‍ത്ത് പോലീസിന്റെ അറസ്റ്റ്. മാട്ടുമന്ത മുതല്‍ കോയമ്പത്തൂര്‍ ആത്തുപാലം വരെയുള്ള അറുപത്തി നാല് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണസംഘം ഷാജഹാനിലേക്കെത്തിയത്. ഡിസംബര്‍ ഏഴാം തീയതി ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന റെയില്‍വേ ജീവനക്കാരന്റെ മോട്ടോര്‍സൈക്കിള്‍ സംഘം മോഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ ഷാജഹാന്റെയും കാജാ ഹുസൈന്റെയും സ്വദേശത്ത് എത്തിയാണ് നോര്‍ത്ത് പോലീസ് ഇരുവരെയും പിടികൂടിയത്.