ആലപ്പുഴ: ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതികളായ അമ്മയും ഇവരുടെ ആണ്‍സുഹൃത്തും അറസ്റ്റില്‍. അര്‍ത്തുങ്കല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതികളായ അമ്മയെയും സുഹൃത്ത് കൃഷ്ണകുമാറിനെയും പോലീസ് പിടികൂടിയത്. കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയിരുന്നു.
ഇന്ന് രാവിലെ പതിനൊന്നരയോടെ പ്രതികളെ കസ്റ്റഡിയിലെടുത്ത അര്‍ത്തുങ്കല്‍ പോലീസ് പിന്നീട് കുത്തിയതോട് പോലീസിന് കൈമാറി. തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കുട്ടിയെ ആയുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലേതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അമ്മയും സുഹൃത്തും അടുപ്പത്തിലായിരുന്നു. ഇതിന് തടസ്സമായ കുഞ്ഞിനെ ഒഴിവാക്കാനാണ് നിരന്തരം ഉപദ്രവിച്ചത്.
പിന്നീട് കുഞ്ഞിനെ അച്ഛന്റെ വീട്ടിലാക്കുകയായിരുന്നു. കൈ ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കുഞ്ഞിനെ വീട്ടിലെത്തിച്ചത്. പരിശോധനയില്‍ ഇടത് കൈയുടെ അസ്ഥി പൊട്ടിയതായും ശരീരത്തില്‍ ചൂരല്‍ കൊണ്ട് അടിച്ചതിന്റെ പാടുകളും കണ്ടെത്തി. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്.
Discussion about this post