തിരുവനന്തപുരം: സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിരുവല്ലം പാച്ചല്ലൂര്‍ മണിമന്ദിരത്തില്‍ എസ്. മണികണ്ഠന്റെ ഭാര്യ ആര്‍. സുനിത (42) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വെങ്ങാനൂര്‍ ഗ്രൗണ്ടിന് സമീപമാണ് അപകടം നടന്നത്. സുനിതക്കൊപ്പം വാഹനം ഓടിക്കാന്‍ പരിശീലനം നല്‍കുകയായിരുന്നു മുല്ലൂര്‍ ശാന്തിപുരം സ്വദേശി ഷാജി (39) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ സംഭവ ദിവസം രാത്രി തന്നെ മരിച്ചു.
സുനിത സ്‌കൂട്ടര്‍ ഓടിക്കാന്‍ പരിശീലിച്ച ശേഷം തിരികെ മടങ്ങവേ മണ്‍തിട്ടയ്ക്ക് മുകളില്‍ കയറി നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. സംഭവ സമയം ഷാജിയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നതെന്ന് വിഴിഞ്ഞം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.
സാരമായി പരിക്ക് പറ്റിയ ഇരുവരെയും ഉടന്‍ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സുനിത ഞായറാഴ്ച രാവിലെ 9 മണിയോടെ മരിക്കുകയായിരുന്നു.