മൈലപ്ര: പത്തനംതിട്ട മൈലപ്രയിലെ വ്യാപാരിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 9 പവന്റെ മാല നഷ്ടപ്പെട്ടതായും സ്ഥീരികരിച്ചു. കൊലപാതകം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ബുധനാഴ്ചയാണ് സംസ്‌കാരം.
കവര്‍ച്ചയ്ക്ക് വേണ്ടിയുള്ള കൊലപാതകം എന്നാണ് നിലവിലെ നിഗമനം. കഴുത്തു ഞെരിക്കാന്‍ ഉപയോഗിച്ചത് രണ്ട് കൈലി മുണ്ടും ഒരു ഷര്‍ട്ടുമാണ്. ശരീരത്തില്‍ മറ്റു മുറിവുകളോ മല്‍പ്പിടുത്തത്തിന്റെ ലക്ഷണങ്ങളോ ഇല്ല. 9 പവന്റെ മാല പൊട്ടിച്ചെടുത്തതായി വ്യക്തമായി. എട്ടു പവന്റെ മാലയും ഒരു പവന്റെ കുരിശു ലോക്കറ്റുമാണ് ഉണ്ടായിരുന്നത്.
കൊളുത്ത് പൊട്ടിയ നിലയില്‍ കണ്ടെത്തി. മേശ വലിപ്പില്‍ നിന്ന് പണം നഷ്ടപ്പെട്ടതായും സംശയിക്കുന്നു. മണം പിടിച്ചോടിയ പൊലീസ് നായ മേക്കൊഴൂര്‍ റോഡില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ മുന്നിലെത്തി നിന്നു. ഇവിടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ ആയില്ല. കടയെ കുറിച്ച് വ്യക്തമായ ധാരണ ഉള്ള ആളാണ് കൊലപാതകി എന്ന് സംശയിക്കുന്നു.
മൈലപ്ര സ്വദേശി ജോര്‍ജ് ഉണ്ണൂണ്ണിയെന്ന 76 വയസുകാരനെ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്കരികില്‍ മൈലപ്ര ജംക്ഷനിലെ കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കുകളും നഷ്ടമായിരുന്നു. രാവിലെയാണ് ഫൊറന്‍സിക് തെളിവു ശേഖരണവും ഇന്‍ക്വസ്റ്റും പൂര്‍ത്തിയായത്.