മനോനില തെറ്റിയ നിങ്ങളെ ഓര്‍ത്ത് സഹതപിക്കുന്നു, മാധ്യമങ്ങളെ ഓര്‍ത്ത് തുള്ളി കണ്ണീര്‍ പൊഴിക്കുന്നു..! നിങ്ങള്‍ക്കാഘോഷിക്കാന്‍ ഇനിയുമിനിയും അവസരങ്ങള്‍ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നു; രണ്ടാമത്തെ വിവാദത്തില്‍ വിശദീകരണം, ദീപാ നിശാന്ത്

തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ വീണ്ടും കോപ്പി അടി വിവാദം വന്നപ്പോള്‍ പ്രതികരണവുമായി അവര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് ദീപ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയത്.

‘പട്ടടത്തീ കെട്ടുപോകിലും പെയ്യട്ടെ, മഴയത്തു വേണം മടങ്ങാന്‍..’ എന്ന് തന്റെ ഫേസ്ബുക്ക് ബയോവില്‍ കുറിച്ചിരുന്നു. എന്നാല്‍ ഈ മനോഹരമായ വരികള്‍ മറ്റൊരു വ്യക്തിയുടെതാണെന്ന് കാണിച്ച് ചില പോസ്റ്റുകള്‍ സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കേരള വര്‍മ്മ കോളേജിലെ ഒരു പൂര്‍വ വിദ്യാര്‍ത്ഥി പണ്ട് കോളേജ് മാഗസീനില്‍ എഴുതിയ കവിതകളിലെ വരികളാണിവയെന്നായിരുന്നു ആരോപണം. ഇതിനെതിരെയാണ് ദീപ പ്രതികരണവുമായി രംഗത്തെത്തിയത്.

എന്നാല്‍ ഈ ആരോപണം രണ്ടാമത്തേതാണ് നേരത്തെ കവി കലേഷിന്റെ കവിത അധ്യാപിക മാഗസീനില്‍ കോപ്പിയടിച്ച് പകര്‍ത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിട്ടിരുന്നു. ആ തീ കെട്ടടുങ്ങന്നുന്നതിന് മുമ്പാണ് പുതിയ വിവാദം പുകയുന്നത്.

ദീപാ നിശാന്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം…

“പട്ടടത്തീ കെട്ടുപോകിലും പെയ്യട്ടെ
മഴയത്തു വേണം മടങ്ങാൻ.. ”

കൃഷ്ണകുമാരി ടീച്ചറിൽ നിന്നാണ് ഈ വരികൾ ആദ്യമായി കേട്ടിട്ടുള്ളത്. ടീച്ചറിപ്പോഴും ഫേസ്ബുക്കിൽ സജീവമായിട്ടുണ്ട്. നാലു വർഷങ്ങൾക്കു മുൻപ് ടീച്ചർ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നു.( 2014 ആഗസ്റ്റ് 1 ന്). അതേ പോസ്റ്റിൽ ഞാനൊരു കമന്റുമിട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട വരികൾ നമ്മുടെ ഫോട്ടോയുടെ അടിക്കുറിപ്പായും ബയോ ആയും ഫേസ്ബുക്കിലും വാട്സപ്പിലുമിടാറുണ്ട്.പലപ്പോഴും രചയിതാവിന്റെ പേര് നമ്മൾ പോലും ഓർത്തോളണം എന്നില്ല. അതൊരു ക്രിമിനൽ കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റിയോർത്ത് സത്യത്തിൽ സഹതാപമുണ്ട്. അതേറ്റു പിടിക്കുന്ന ഓൺലൈൻ മാധ്യമങ്ങളുടെ വാർത്താ ദാരിദ്ര്യത്തെപ്പറ്റിയോർത്ത് രണ്ടു തുള്ളി കണ്ണീർ പൊഴിക്കുന്നു..!

നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു !!

[ ടീച്ചർ ‘ബയോ’ഡേറ്റയും കക്കാൻ തുടങ്ങിയോന്ന് ചോദിച്ച് വരുന്ന നിഷ്കളങ്കജന്മങ്ങളേ…. ധ്വജപ്രണാമം !!]

സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്! അതാണ് മറുപടി വൈകിയത്. ക്ഷമിച്ചേക്കണം!

Exit mobile version