തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പുതുവത്സരത്തെ വരവേൽക്കുന്ന ആഘോഷങ്ങൾക്ക് കടിഞ്ഞാണിടാൻ പോലീസ്. പുതുവൽസര ആഘോഷങ്ങൾ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കണമെന്ന് പോലീസ് കമ്മിഷണർ അറിയിച്ചു.
ഡിസിപി സിഎച്ച് നാഗരാജുവിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. നഗരത്തിലെ ഹോട്ടലുകൾ, മാളുകൾ, ബീച്ചുകൾ, ക്ലബ്ബുകൾ തുടങ്ങിയ ഇടങ്ങളിലെ തിരക്കുകൾ നിയന്ത്രിക്കാൻ പോലീസ് നടപടി സ്വീകരിക്കും.
ഇവിടങ്ങളിൽ ഉൾപ്പടെ ഡിജെ പാർട്ടികൾ നടത്തുന്നവർ പോലീസിൽനിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. മയക്കുമരുന്ന് ഉപയോഗം, കൈവശംവെക്കൽ, വിൽപന എന്നിവ പിടിക്കപ്പെട്ടാൽ കനത്ത നടപടികൾ നേരിടേണ്ടി വരും. പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തും, വാഹനങ്ങൾ കണ്ടുകെട്ടി ലൈസൻസ് റദ്ദാക്കുന്ന നടപടികൾ കൈക്കൊള്ളും.
വാഹനങ്ങൾ പാർക്ക് ചെയ്ത് പരിപാടികൾ കാണാൻ പോകുന്നവർ ഫോൺ നമ്പർ വാഹനത്തിനുമേൽ പ്രദർശിപ്പിക്കണമെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്. നേരത്തെ നൈറ്റ് ലൈഫ് ഉണ്ടായിരുന്ന മാനവീയംവീഥിയിൽ 12.30 വരെമാത്രമാവും ആഘോഷങ്ങൾക്ക് അനുമതി. ഇവിടെ മഫ്തിയിലും പോലീസിനെ വിന്യസിക്കും. മാനവീയത്തിനായി ഒരുപ്രത്യേക നിയമവും നിർമിച്ചിട്ടില്ലെന്നും മാനവീയം ഇന്ത്യക്കുപുറത്തല്ലെന്നുമാണ് ഡിസിപി വിശദീകരിച്ചത്.
തിരുവനന്തപുരത്തിന് പുറമെ കൊച്ചിയിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഉച്ച മുതൽ ഗതാഗത നിയന്ത്രണമുണ്ടാകും. കൊച്ചിയിലെ പ്രധാന ആഘോഷകേന്ദ്രമായ ഫോർട്ട്‌കൊച്ചിയിൽ പത്ത് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.
വൈകിട്ട് നാല് മണിമുതൽ റോഡ്തടഞ്ഞിരിക്കുകയാണ്. വാഹനം കടത്തിവിടില്ല. വൈകിട്ട് ഏഴ് മണിക്ക് ശേഷം റോ റോ ബോട്ട് സർവീസുകളും ഫോർട്ട്‌കൊച്ചിയിലേക്ക് നിർത്തി വെപ്പിച്ചു.
ഫോർട്ട്‌കൊച്ചിയിൽ അനുവദനീയ പരിധിക്ക് മുകളിൽ ആളുകൾ എത്തിയാൽ മറ്റ് സ്ഥലങ്ങളിൽ വാഹനങ്ങൾ തടയുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്..