മലപ്പുറം: യുവതി വിഴുങ്ങിയ പപ്പടക്കോല് അതിസാഹസികമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പുറത്തെടുത്തു. ലോഹത്തിന്റെ പപ്പടക്കോല് വായിലൂടെ തന്നെ പുറത്തെടുത്തു. മലപ്പുറം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയായ യുവതിയാണ് പപ്പടക്കോല് വിഴുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് യുവതിയെ റഫര്‍ ചെയ്തത്. മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ്.
സാധാരണഗതിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ ഒരുഭാഗം മൊത്തം തുറന്നുള്ള ശസ്ത്രക്രിയയാണ് ചെയ്യേണ്ടിയിരുന്നത്. ഇതിന് വിജയസാധ്യത കുറവാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പപ്പടക്കോല് എടുക്കമ്പോള്‍ ആന്തരിക രക്തസ്രാവം ഉണ്ടായാല്‍ അപ്പോള്‍തന്നെ ഹൃദയം തുറന്ന് ശസ്ത്രക്രിയചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയ ശേഷം വായിലൂടെതന്നെ തിരിച്ചെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുന്നത്.
ഇ.എന്‍.ടി., അനസ്തേഷ്യ, കാര്‍ഡിയോ തൊറാസിക് സര്‍ജറി, ജനറല്‍ സര്‍ജറി വിഭാഗങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ആന്തരികാവയവങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ പരിക്കേല്‍ക്കാതെ വായിലൂടെ തന്നെ പപ്പടക്കോല് പുറത്തേക്ക് എടുക്കാന്‍ കഴിഞ്ഞത്. ഫൈബര്‍ ഒപ്ടിക് ഇന്‍ട്യുബേറ്റിങ് വീഡിയോ എന്‍ഡോസ്കോപ്പ്, ഡയറക്ട് ലാറിയങ്കോസ്കോപ്പി എന്നീ പ്രക്രിയകളും ശസ്ത്രക്രിയയ്ക്ക് സഹായകമായി.
ഇത്രയും വിഭാഗങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടും പ്രീമിയം സ്വകാര്യ ആശുപത്രി നിലവാരത്തിലുള്ള ഉപകരണങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടുമാണ് യുവതിയുടെ ജീവന് രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Discussion about this post