തിരുവനന്തപുരം: അകാലത്തില്‍ പൊലിഞ്ഞ അമ്മയുടെ മുഖം നെഞ്ചില്‍ പച്ചക്കുത്തി 18 കാരന്. നാലാഞ്ചിറ ചെഞ്ചേരി ഗാന്ധിനഗര്‍ ശിവാരവിന്ദത്തില്‍ അരവിന്ദ് ശിവയാണ് ഒന്നരമാസം മുന്‍പ് മരിച്ച അമ്മ നിഷാ റാണിയുടെ(37) ചിത്രം ടാറ്റൂ ചെയ്തിരിക്കുന്നത്. ടാറ്റൂവിനു പിന്നില്‍ അതിനേക്കാള്‍ ആഴത്തില്‍ പതിഞ്ഞൊരു കണ്ണീരിന്റെ കഥയുണ്ട്.
ചെയ്യാത്ത കുറ്റം ആരോപിക്കപ്പെട്ടതോടെ അഭിമാനത്തിന് ക്ഷതമേറ്റതോടെ സ്വയം മരണം തിരഞ്ഞെടുക്കുകയായിരുന്നു നിഷ. മെഡിക്കല്‍ കോളേജിലെ ദിവസവേതന ജീവനക്കാരിയായിരുന്ന നിഷ കഴിഞ്ഞ നവംബര്‍ 12-നാണ് ജീവനൊടുക്കിയത്.
അന്ന് വീടിനു സമീപത്തെ സ്ത്രീകളുമായി ചേര്‍ന്ന് നിഷ തിരുവാതിരകളി അവതരിപ്പിച്ചിരുന്നു. ഇതിന് ഒരുങ്ങാനായി കഴിഞ്ഞമാസം സമീപത്തുള്ള വീട്ടില്‍ പോയി. ആ ദിവസം വീട്ടിലെ കുട്ടിയുടെ സ്വര്‍ണമാല കാണാതായി. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നിഷയെ അന്വേഷിച്ച് വീട്ടിലെത്തി. പിന്നീട് പൊതുസ്ഥലത്തുവെച്ചും അപമാനിതയായി. നിരപരാധിയാണെന്ന് പറഞ്ഞിട്ടും പരിഹാസം ഏല്‍ക്കേണ്ടി വന്നതോടെയാണ് നിഷ ആത്മഹത്യചെയ്തതെന്ന് സഹോദരി അപ്സര പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് മണ്ണന്തല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ഐടിഐ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് അരവിന്ദ്. അച്ഛന് ശിവകുമാര്‍ ഡ്രൈവറാണ്. സഹോദരന് ഗോവിന്ദ് ശിവ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. ഏഴുമണിക്കൂറെടുത്ത് പൂര്‍ത്തിയാക്കിയ ടാറ്റൂ ഇപ്പോള്‍ അരവിന്ദിന് ജീവിതത്തിലെ ഏറ്റവും വലിയ നിധിയായി കൊണ്ടുനടക്കുകയാണ്.
Discussion about this post