വട്ടമല വ്യൂ പോയിന്റിലെ പാറക്കെട്ടില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമം, തലകറങ്ങി 100 അടി താഴ്ചയിലേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് മെല്‍വിനെ പുറത്തെത്തിച്ചത്.

മലപ്പുറം: കരുവാരക്കുണ്ട് വട്ടമല വ്യൂ പോയിന്റില്‍ ഫോട്ടോ എടുക്കുന്നതിനിടെ താഴ്ചയിലേക്കുവീണ് രണ്ടാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിക്ക് പരിക്ക്. അപകടത്തില്‍ കരുവാരക്കുണ്ട് മുരിക്കാട്ട് ഷിജു തോമസിന്റെ മകന്‍ മെല്‍വിന്‍ ടോം ഷിജു (20) വിനാണ് പരിക്കേറ്റത്.

മെല്‍വിന്റെ നിലവിളി കേട്ട് രണ്ടുപേരാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് മെല്‍വിനെ പുറത്തെത്തിച്ചത്.

ബെംഗളൂരുവില്‍ നഴ്‌സിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ മെല്‍വിന്‍ ക്രിസ്മസ് അവധിക്ക് നാട്ടില്‍ വന്നതാണ്. തനിച്ചാണ് മെല്‍വിന്‍ വട്ടമല വ്യൂ പോയിന്റിലേക്കു പോയത്. ഉയരംകൂടിയ പാറപ്പുറത്തുനിന്ന് ഫോട്ടോ എടുക്കുന്നതിനിടെ മെല്‍വിന്‍ തലചുറ്റലുണ്ടായി നൂറടിയിലേറെ താഴ്ചയുള്ള ഭാഗത്തേക്കു വീഴുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ താഴ്ചയിലിറങ്ങി മെല്‍വിന് സംരക്ഷണമൊരുക്കി. നാട്ടുകാരും ട്രോമാകെയറും ചുമലിലേറ്റിയാണ് പുറത്തെത്തിച്ചത്. സാരമായി പരിക്കേറ്റ മെല്‍വിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി.

Exit mobile version