അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീ പ്രവേശനം..! ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ സ്ത്രീകളെ തടയാനാകില്ല, കോടതിവിധിയില്‍ അഗസ്ത്യമലയില്‍ ക്ഷേത്രവും പൂജയും ഇല്ലെന്ന് പറയുന്നു, കോടതി ഉത്തരവ് പാലിക്കും; മന്ത്രി കെ രാജു

തിരുവനന്തപുരം: വിവാദമായ അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി കെ രാജു രംഗത്ത്. അഗസ്ത്യാര്‍കൂടത്തില്‍ ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ സ്ത്രീകളെ തടയാനാകില്ലെന്നും. കോടതിവിധിയില്‍ തന്നെ അഗസ്ത്യമലയില്‍ ക്ഷേത്രവും പൂജയും ഇല്ലെന്ന് പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ കോടതി ഉത്തരവ് പാലിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയോ സുരക്ഷയോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സീസണ്‍ അല്ലാത്തപ്പോഴും സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂടത്തില്‍ കയറുന്നതിന് വിലക്കുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച തുടങ്ങുന്ന സീസണ്‍ മാര്‍ച്ച് ഒന്ന് വരെയാണ്. 41 ദിവമാണ് മല കയറാന്‍ ആളുകള്‍ എത്തുന്നത്.

അതേസമയം, ആദിവാസികള്‍ ആരാധന നടത്തുന്ന സ്ഥലം വേലി കെട്ടിതിരിക്കണമെന്ന ആവശ്യവും മന്ത്രി തള്ളി. ഇപ്പോള്‍ ആദിവാസി വിഭാഗം വന്‍പ്രതിഷേധവുമായാണ് രംഗത്തെത്തിയിരിക്കുന്നു. അതിരുമല കടന്ന് സ്ത്രീകള്‍ പ്രവേശിച്ചാല്‍ പ്രതിഷേധിക്കുമെന്നാണ് കാണി വിഭാഗത്തിന്റെ നിലപാട്.

നെയ്യാര്‍ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ പരമ്പരാഗതമായി സ്ത്രീകളെ അനുവദിച്ചിരുന്നില്ല. ഇതിനെതിരേ സ്ത്രീ കൂട്ടായ്മകള്‍ നടത്തിയ നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടയാക്കിയത്. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. 14 വയസ്സിന് മുകളില്‍ പ്രായവും കായികക്ഷമതയുമുള്ള ആര്‍ക്കുവേണമെങ്കിലും അപേക്ഷിക്കാമെന്ന് വിജ്ഞാപനത്തിലുണ്ട്.

Exit mobile version