കൊച്ചി: കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍ കൊച്ചിയില്‍ ആരംഭിച്ച ഷി ലോഡ്ജ് വന്‍ ഹിറ്റ്. വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസവും ഭക്ഷണവും നല്‍കുന്നതാണ് ഷീ ലോഡ്ജിന്റെ പ്രത്യേകത. മാത്രമല്ല, ലൈബ്രറി, ഡൈനിംഗ് ഹാള്‍, 24 മണിക്കൂറും കുടിവെള്ളം, അറ്റാച്ച്ഡ് ബാത്ത് റൂം എന്നിവയും ഷീ ലോഡ്ജിന്റെ പ്രത്യേകതകളാണ്.
മൂന്ന് നിലകളിലായി 3 ഡോര്‍മെട്ടറികള്‍, 48 സിംഗിള്‍ റൂമുകള്‍, 32 ഡബിള്‍ റൂമുകള്‍ എന്നിങ്ങനെയാണ് ഇവിടെ ലഭ്യമാവുക. ഒരേ സമയം 192 പേര്‍ക്ക് ഇവിടെ താമസിക്കാം. ഡോര്‍മെട്ടറിക്ക് 100 രൂപ, സിംഗിള്‍ റൂമിന് 200, ഡബിള്‍ റൂമിന് 350 രൂപ എന്നിങ്ങനെയാണ് ദിവസ വാടക. നിരക്ക് കുറവാണെങ്കിലും സൗകര്യങ്ങള്‍ക്ക് ഒരു കുറവുമില്ല.
സുരക്ഷാ ജീവനക്കാരുള്‍പ്പടെ 8 പേരുടെ സേവനവും ഇവിടെയുണ്ട്. കുടുംബശ്രീക്കാണ് ലോഡ്ജിന്റെ നടത്തിപ്പ് ചുമതല. 20 രൂപ മുതല്‍ ഭക്ഷണം ലഭിക്കുന്ന കോര്‍പ്പറേഷന്റെ സമൃദ്ധി ഹോട്ടലും ഒപ്പമുള്ളതിനാല്‍ ഭക്ഷണത്തിന്റെ കാര്യത്തിലും ടെന്‍ഷന്‍ വേണ്ട.
അതേസമയം, ആരംഭിച്ച് 9 മാസം പിന്നിടുമ്പോള്‍ ഈ കേന്ദ്രത്തിന്റെ ലാഭം 24 ലക്ഷം രൂപയാണ്. എല്ലാ ചിലവും കഴിഞ്ഞ ശേഷം കുടുംബശ്രീ പ്രവര്‍ത്തകര്‍ മിച്ചം പിടിച്ച തുകയാണിത്.