ഫിഫ്റ്റി-ഫിഫ്റ്റിയുടെ ഒരു കോടിയുടെ ഭാഗ്യം മീൻവിൽപനക്കാരന്; സമ്മാനമടിച്ചത് കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന്

അയിലൂർ: മീൻവിലപനയ്ക്ക് ഇറങ്ങിയപ്പോൾ കണ്ട ലോട്ടറി വിൽപ്പനക്കാരിയിൽ നിന്നും കടമായി ടിക്കറ്റെടുക്കുമ്പോൾ മജീദ് അറിഞ്ഞില്ല, കൈയ്യിലിരിക്കുന്നത് കോടി കിലുക്കമാണെന്ന്. മീൻ വിൽപന കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ ബാക്കി തുക കൂടി നൽകി ടിക്കറ്റിന്റെ ബാധ്യതകളും തീർത്തു. പിന്നാലെ എത്തിയത് സമ്മാനമടിച്ചെന്ന വാർത്ത, അതും ഒരു കോടിയുടെ ഒന്നാം സമ്മാനമെന്ന സന്തോഷ വാർത്ത.

മീൻ കച്ചവടക്കാരനെ കോടിപതിയാക്കിയ ഈ സംഭവം നടന്നത് അയിലൂരിലാണ്. ഇത്തവണത്തെ സംസ്ഥാന ഭാഗ്യക്കുറിയുടെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന്റെ നറുക്കെടുപ്പിലാണ് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം അയിലൂർ തിരുവഴിയാട് ചിറപ്പുറം വീട്ടിൽ എസ് മജീദിന് അടിച്ചത്.

S Majeed

ബുധനാഴ്ച രാവിലെയാണ് മജീദ് സമ്മാനർഹമായ ടിക്കറ്റെടുത്തത്. കയറാടിയിൽ ലോട്ടറിവിൽപ്പന നടത്തുന്ന കരിങ്കുളത്തെ ആർ ചെന്താമരയിൽനിന്ന് കടമായാണ് ആദ്യം ടിക്കറ്റ് വാങ്ങിയത്. രാവിലത്തെ കന്നി വിൽപ്പനയായതിനാൽ 10 രൂപ നൽകിയിട്ട്, ബാക്കി 240 രൂപ മീൻ വിൽപ്പന കഴിഞ്ഞ് മടങ്ങിവരുമ്പോൾ നൽകാമെന്ന് പറഞ്ഞാണ് 50 രൂപ വിലയുള്ള ഒരേ നമ്പറുകളിലുള്ള അഞ്ച് ടിക്കറ്റുകൾ മജീദ് വാങ്ങിയത്.

ALSO READ- ഭാര്യയെ സ്ഥിരം വാട്‌സ്ആപ്പ് സന്ദേശമയച്ചും ഫോൺ വിളിച്ചും ശല്യം ചെയ്തു; യുവാവിനെ ക്വട്ടേഷൻ നൽകി ആക്രമിച്ച് പ്രവാസിയായ ഭർത്താവ്; അറസ്റ്റ്

പിന്നീട് വൈകുന്നേരം വിൽപ്പന കഴിഞ്ഞ് മടങ്ങിവരുന്ന വഴി ബാക്കി തുക നൽകുകയും ചെയ്തു. എഫ്എക്‌സ്. 492775 നമ്പറിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനവും ഇതോടൊപ്പം എടുത്ത ഇതേ നമ്പറിലുള്ള മറ്റു നാലു ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസസമ്മാനവും മജീദീന് ലഭിക്കും. നാലു വർഷമായി മീൻ കച്ചവടം നടത്തുന്ന മജീദ് 20 വർഷമായി ലോട്ടറിയെടുക്കുന്നുണ്ട്.

Exit mobile version