പാലോട്: തിരുവനന്തപുരത്ത് ഭാര്യയെ സ്ഥിരമായി വാട്‌സാപ് മെസേജ് അയച്ചും ഫോൺ ചെയ്തും ശല്യംചെയ്ത യുവാവിനെ ഭർത്താവ് ക്വട്ടേഷൻ നൽകി ആക്രമിച്ചു. പിന്നാലെ മൂന്നംഗ ക്വട്ടേഷൻ സംഘത്തേയും ഭർത്താവായ പ്രവാസിയേയും പോലീസ് പിടികൂടി.
ക്വട്ടേഷൻ നൽകിയ പെരിങ്ങമ്മല തെന്നൂർ അരയക്കുന്ന് റോഡരികത്ത് വീട്ടിൽ ഷൈജു (36), സംഘത്തിലുൾപ്പെട്ട തെന്നൂർ ഇലഞ്ചിയം ആറുകണ്ണൻകുഴി ചതുപ്പിൽ വീട്ടിൽ റോയി (39), റോണി (37), തെന്നൂർ അരയക്കുന്ന് കന്യാരുകുഴി വടക്കേവീട്ടിൽ സുമേഷ് (33) എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം പെരിങ്ങമ്മല തെന്നൂർ ഇലഞ്ചിയം ഞാറനീലി കുന്നുംപുറത്ത് വീട്ടിൽ ശുഹൈബ് എന്നു വിളിക്കുന്ന സുബാഷിനെയാണ് ആക്രമിച്ചത്. ഗൾഫിൽ നിന്നും ഈയടുത്ത് നാട്ടിലെത്തിയ ഭർത്താവിനോട് ഭാര്യ പരാതി പറയുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതിപ്പെടാതെ ഷൈജു ക്വട്ടേഷൻ നൽകി സുബാഷിനെ മർദ്ദിക്കാൻ ഏർപ്പാടാക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ സുബാഷ് ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിന് ശേഷം ഷൈജു ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്. പാലോട് എസ്എച്ച്ഒ പി ഷാജിമോനും പോലീസ് സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.
Discussion about this post