തൃശൂര്‍: ക്രിസ്തുമസ് ദിനത്തില്‍ പൊതുസ്ഥലത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനം. പുലക്കാട്ടുകര സ്വദേശി ബിനുവിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. അതേസമയം, സംഘത്തിലെ 8 പേരെയും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
പുലക്കാട്ടുകരയിലെ മണലിപ്പുഴയോരത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് ബിനുവെന്ന ചെറുപ്പക്കാരനെ വീട് കയറി ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റു നാലു പേര് കൂടി വൈകാതെ പിടിയിലാകുമെന്നാണ് പോലീസ് പറയുന്നത്.
ക്രിസ്തുമസ് ദിനത്തില്‍ വൈകുന്നേരം പെണ്മക്കളുമൊന്നിച്ച് ബിനു പുഴയില്‍ കുളിക്കാന്‍ പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. എട്ടു യുവാക്കള്‍ പുഴക്കരയിലിരുന്ന് ലഹരി ഉപയോഗിച്ചത് ബിനു തടഞ്ഞതോടെ തര്‍ക്കമായി. ബിനു വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ബൈക്കിലെത്തിയ സംഘം കുട്ടികളുടെ മാലപൊട്ടിക്കുകയും അയല്‍വാസി രമേശിനെ ബിയര്‍ കുപ്പി കൊണ്ട് അടിയ്ക്കുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയ ബിനുവിനെ അക്രമികള്‍ പൊതുനിരത്തിലിട്ട് അതിക്രൂരമായി മര്‍ദ്ദിച്ചു.
Discussion about this post