കൊല്ലം: അനാഥരായ വയോജനങ്ങള്‍ക്കായുള്ള അഗതി മന്ദിരത്തിലെ പ്രാര്‍ഥനാ ഹാളില്‍ സ്ഥാപിച്ച തന്റെ ചിത്രം എടുത്തുമാറ്റണമെന്ന് അഭ്യര്‍ഥിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എംഎ യൂസഫലി. പ്രാര്‍ഥന ദൈവത്തിനോടേ പാടൂള്ളൂവെന്നും യൂസുഫലി പറഞ്ഞു.
പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് താമസിക്കാനായി ലുലു ഗ്രൂപ്പ് നിര്‍മിച്ചുനല്‍കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിനായി എത്തിയപ്പോഴായിരുന്നു നിലവിലുള്ള കെട്ടിടത്തിലെ പ്രാര്‍ഥനാ ഹാളില്‍ തന്റെ ചിത്രം ഇരിക്കുന്നത് യൂസഫലി കണ്ടത്. ഉടന്‍ തന്നെ ഇതെടുത്ത് മാറ്റാന്‍ ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ ഡോ. പുനലൂര്‍ സോമരാജനോട് അദ്ദേഹം ആവശ്യപ്പെട്ടു.
‘ഇത് പ്രാര്‍ഥനാ ഹാളല്ലേ. അപ്പോള്‍ എന്റെ ഫോട്ടോ എടുത്ത് മാറ്റണം. പ്രാര്‍ഥന ദൈവത്തോടാണ്. ദൈവത്തിനോട് മാത്രമേ പ്രാര്‍ഥിക്കാന്‍ പാടുള്ളൂ’- ഡോ. സോമരാജനോട് യൂസഫലി പറഞ്ഞു. തന്നെ നോക്കിക്കൊണ്ട് പ്രാര്‍ഥിക്കേണ്ടെന്നും ദയവുചെയ്ത് ഇതെടുത്ത് മാറ്റണമെന്നും ദൈവത്തിന്റെ ചിത്രങ്ങള്‍ വച്ചോ’യെന്നും യൂസഫലി പറഞ്ഞു.
ദൈവത്തിന്റെ ചിത്രങ്ങള്‍ വച്ചിട്ടില്ലെന്നും ചിത്രങ്ങളില്ലാത്ത ദൈവം ആണെന്നും ഡോ. സോമരാജന്‍ പറഞ്ഞു. എന്നാല്‍, ”മനസിലാണ് ദൈവം, ഇന്‍വിസിബിള്‍. അപ്പോള്‍ ഈ ഫോട്ടോയെടുത്ത് മാറ്റണം”- എന്നായിരുന്നു യൂസഫലിയുടെ മറുപടിയും നിര്‍ദേശവും. മാറ്റാമെന്ന് സോമരാജന്‍ സമ്മതിക്കുകയും ചെയ്തു.
മക്കള്‍ മാതാപിതാക്കളെ തള്ളിവിടുന്ന പ്രവണത ഇപ്പോള്‍ കൂടുകയാണെന്ന് ചടങ്ങില്‍ സംസാരിക്കവെ യൂസഫലി ചൂണ്ടിക്കാട്ടി. വളരെ അര്‍ഹരായ ആളുകളെ മാത്രമേ എടുക്കാവൂ. കഴിയുന്നതും ആരും അമ്മമാരെയും അച്ഛന്മാരെയും തള്ളിവിടരുത്. അവരെ ദുഃഖം അനുഭവിപ്പിക്കരുത്. അവരിവിടെ വന്നാല്‍ സന്തോഷമായിരിക്കും. പക്ഷേ നിങ്ങള്‍ ശുശ്രൂഷിക്കേണ്ടവരെ ശുശ്രൂഷിക്കുക. മാതാപിതാക്കളോട് കരുണയും സ്നേഹവും കാണിക്കുക എന്നാണ് ഖുര്‍ആന്‍ പറയുന്നത്.
‘മാതാ പിതാ ഗുരു ദൈവം എന്നാണ് ഹൈന്ദവ സഹോദരങ്ങള്‍ പഠിക്കുന്നത്. ശ്രീരാമ ഭഗവാന്‍ വനവാസത്തിന് പോയതുപോലും തന്റെ പിതാവിന്റെ വാക്ക് പാലിച്ചാണ്. തന്റെ പിതാവായ സൂര്യഭഗവാന്‍ കൊടുത്ത കവചകുണ്ഡലങ്ങള്‍ മാതാവായ കുന്തീദേവീക്ക് അഴിച്ചുകൊടുത്ത് മരണത്തെ നേരിടുകയായിരുന്നു കര്‍ണന്‍. അതൊക്കെയാണ് ഹിന്ദു പുരാണങ്ങളില്‍ പറയുന്നത്. ബൈബിളിലും പറയുന്നു നിങ്ങള്‍ മാതാപിതാക്കളെ സ്നേഹിക്കൂ, ബഹുമാനിക്കൂ, ശുശ്രൂഷിക്കൂ എന്ന്. അതില്ലാതെ ഇങ്ങനെ തള്ളിവിടുന്ന പ്രവണത കേരളത്തില്‍ വര്‍ധിക്കാതിരിക്കട്ടെ. അവര്‍ക്ക് ദൈവത്തിന്റെ ശാപമില്ലാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്’- അദ്ദേഹം വിശദമാക്കി.
?കെട്ടിടത്തിന്റെ പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. ഗാന്ധി ഭവനില്‍ 20 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ 300 പേര്‍ക്ക് താമസിക്കാം. ഗാന്ധിഭവനില്‍ താമസിക്കുന്ന പുരുഷ അന്തേവാസികള്‍ക്കായാണ് കെട്ടിടം നിര്‍മിക്കുന്നത്. തറക്കല്ലിടല്‍ ദിവസം തന്നെ പൈലിങ്ങും ആരംഭിച്ചിട്ടുണ്ട്. ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് താമസിക്കാനായി നേരത്തെ യൂസഫലി ഒരു കെട്ടിടം നിര്‍മിച്ചുനല്‍കിയിരുന്നു.