മാനന്തവാടി: കുഴിനിലം ചെക്ക്ഡാമിനു സമീപം സ്കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിക്കാനിടയായ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുഴിനിലം വിമലനഗര്‍ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ പി.വി. ബാബു (38), കുഴിനിലം കോട്ടായില്‍ വീട്ടില്‍ കെ.ജെ. ജോബി (39) എന്നിവരെയാണ് മാനന്തവാടി സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കാന്‍ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ആണ് മാനന്തവാടി പോലീസ് കേസെടുത്തത്.
ALSO READ പ്രമുഖ നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് വിടവാങ്ങി
സംഭവം ഇങ്ങനെ…
കഴിഞ്ഞ ചൊവ്വാഴ്ച ചെക്ഡാമിന് സമീപം പതിനാലുകാരന് വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. അടുവാങ്കുന്ന് കോളനിയിലെ രാജു-ബിന്ദു ദമ്പതികളുടെ മകന് അഭിജിത്ത് ആണ് മരിച്ചത്. ചെക്ക് ഡാമില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. കണിയാരം ഫാ. ജി.കെ.എം. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അഭിജിത്ത്.
സംഭവത്തില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ജോബിയുടെയും ബാബുവിന്റെയും പങ്ക് വ്യക്തമായത്. അണക്കെട്ടിലെ വെള്ളത്തിലേക്കിട്ട വയറില്‍ ഘടിപ്പിച്ച മൊട്ടുസൂചിയില്‍ പിടിച്ചതാണ് അഭിജിത്തിന് ഷോക്കേല്‍ക്കാനിടയായത്. അന്വേഷണത്തില്‍ സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍നിന്ന് ഇലക്ട്രിക്ക് വയര്‍, കമ്പി, മുള കൊണ്ടുള്ള തോട്ടി വടിക്കഷണം എന്നിവ കണ്ടെടുത്തിരുന്നു.
Discussion about this post