ഇടുക്കി: വീട്ടുജോലി ചെയ്യാതിരുന്ന പെണ്‍കുട്ടിയെ നൃത്താധ്യാപിക ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ സംഭവം പരാതി നല്കിയ പെണ്‍കുട്ടിക്കും കുടുംബത്തിനും വധഭീഷണി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് നിരന്തരം ഫോണിലീടെ ഭീഷണി ഉയരുന്നതായി പരാതി. പെണ്‍കുട്ടിയുടെ കുടുംബം കുമളി പോലീസില്‍ പരാതി നല്കി.
ചെല്‍ഡ് ലൈനിന്റെ ഡല്‍ഹിയിലുള്ള ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് ഫോണിലേക്ക് വിളിയെത്തിയത്. സംസാരത്തില്‍ അസ്വഭാവികത തോന്നിയതോടെ പെണ്‍കുട്ടിയുടെ അമ്മ ചോദ്യം ചെയ്തു. ഇതോടെ വിളിച്ചയാള്‍ ക്ഷുഭിതനാവുകയും കേസ് പിന്‍വലിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയേയും അമ്മയേയും അപായപ്പെടുത്തുമെന്നും പറഞ്ഞു. മാത്രമല്ല അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് മറ്റൊരു ഫോണില്‍ വിളിച്ച് കുട്ടിയേയും ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ ചെല്‍ഡ് ലൈനില്‍ ബന്ധപ്പെട്ടു അപ്പോഴാണ് വിളിച്ചത് വ്യാജന് ആണെന്ന് മനസിലായത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കേസെടുത്തെന്നും വിളിച്ചയാളെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
വീട്ടുജോലികള്‍ ചെയ്യാതിരുന്നതിന് നൃത്താധ്യാപിക ശാരദാ മേനോന് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പിന്നീട് കേസില്‍ ശാരദാ മേനോന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ അതൃപതി അറിയിച്ച് കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ മാസം 4നായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
Discussion about this post