പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ കോടികളുടെ വരുമാനക്കുറവെന്ന് റിപ്പോർട്ടുകൾ തള്ളി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്. ഇത്തവണത്തെ വരുമാനം കഴിഞ്ഞ തവണത്തെക്കാൾ കുറവല്ലെന്ന് ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.
39 ദിവസത്തെ കണക്കിൽ കുത്തക ലേല തുക കൂടി കൂട്ടിയപ്പോൾ കഴിഞ്ഞ തവണത്തെക്കാൾ 18 കോടിയിലേറെ വരുമാനം കൂടുതലാണെന്നാണ് ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. നാണയങ്ങൾ കൂടി എണ്ണുമ്പോൾ 10 കോടി പിന്നെയും കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്തംബർ മാസത്തിൽ 36924099 രൂപയും ഒക്ടോബർ മാസത്തിൽ 167593260 രൂപയും നവംബർ 17 വരെയുള്ള ദിവസങ്ങളിൽ 169527648 രൂപയുമാണ് കുത്തക ലേല തുകയായി ലഭിച്ചത്. അതായത് ആകെ 374045007 രൂപ ലഭിച്ചെന്ന വിശദാംശങ്ങളും തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പങ്കുവച്ചു.
കുത്തകലേല തുക കൂടി വരുമാനത്തിൽ കൂട്ടുമ്പോൾ കഴിഞ്ഞ വർഷത്തേക്കൾ 18 കോടിയിലേറെ ഇത്തവണ വരുമാനം അധികമാണെന്നാണ് പിഎസ് പ്രശാന്ത് പറയുന്നത്. കൃത്യമായി പറഞ്ഞാൽ 187251461 കോടി രൂപയുടെ വർധനവാണ് ഇത്തവണയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ മണ്ഡലപൂജ കഴിഞ്ഞതോടെ ശബരിമല തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് തീർത്ഥാടകരെ കയറ്റിവിടില്ലെന്ന് അധികൃതർ അറിയിച്ചു. രാത്രി 11 മണിക്ക് നട അടക്കുന്നതിനാലാണ് നിയന്ത്രണമേർപ്പെടുത്തിയത്. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ടാകും ഇനി നട തുറക്കുക.