കൊച്ചി: പതിമൂന്നുവയസ്സുകാരിയായ മകള്‍ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതാവ് സനു മോഹന് ജീവപര്യന്തം തടവ് ശിക്ഷ. എറണാകുളം പോക്‌സ് കോടതി ജഡ്ജ് കെ സോമനാണ് വിധി പുറപ്പെടുവിച്ചത്. സനു മോഹന്‍ കുറ്റക്കാരന്‍ എന്ന് കോടതി കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു.
കൊലപാതകത്തിന് ജീവപര്യന്തവും, തട്ടിക്കൊണ്ടുപോകല്‍, മദ്യം നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം മറ്റു വകുപ്പുകളില്‍ 28 വര്‍ഷം കഠിന തടവുമാണ് വിധിച്ചത്. 28 വര്‍ഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി. 1,70,000 രൂപ പിഴയും അടയ്ക്കണം.
70 വയസുള്ള അമ്മയെ നോക്കാന്‍ ആളില്ലെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും സനു മോഹന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. ബുധന്‍ രാവിലെ 11 മണി മുതല്‍ ശിക്ഷാ വിധിയില്‍ വാദം കേട്ടശേഷമാണ് ഉച്ചയ്ക്ക് ശേഷം വിധി പറഞ്ഞത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
2021 മാര്‍ച്ച് 22നാണ് വൈഗയെ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴയിലെ അമ്മ വീട്ടില്‍ നിന്ന് വൈഗയെ കങ്ങരപ്പടിയിലെ ഫ്‌ലാറ്റിലേക്കു കൂട്ടിക്കൊണ്ടു വന്ന സനു മോഹന്‍ കുട്ടിക്ക് ശീതള പാനീയത്തില്‍ മദ്യം ചേര്‍ത്തു നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നും പിന്നീട് മുട്ടാര്‍ പുഴയില്‍ എറിഞ്ഞെന്നുമാണ് കേസ്.
വന്‍ കടബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിവില്‍ പോകാന്‍ തീരുമാനിച്ച സനു മോഹന്‍ ഭാര്യയും ബന്ധുക്കളും മകളെ നന്നായി നോക്കില്ലെന്നു ചിന്തിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.